photo
കൊട്ടാരക്കര ചന്തമുക്കിൽ നിർമ്മിച്ച ഓടയും വെള്ളം ഇറങ്ങാനുള്ള ചെറിയ വിടവുകളും

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു, ഇതോടൊപ്പം കൊട്ടാരക്കര ചന്തമുക്കിലെ ഓടകളുടെ അപാകതയും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് കോടി രൂപ മുടക്കി ഓട നവീകരിച്ചെങ്കിലും ഇതിന്റെ യാതൊരു ഗുണവും ചന്തമുക്കിന് ലഭിച്ചിട്ടില്ല. കനത്ത മഴയായാൽ മുട്ടൊപ്പം വെള്ളം റോഡിൽ നിറയും, വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിയ്ക്കുന്നതും പതിവാണ്. സാധനങ്ങൾ മിക്കതും ഈ വിധത്തിൽ നശിച്ചുപോകുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും ഓടകളുടെ അശാസ്ത്രീയത പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ കൊവിഡിനെ തുടർന്ന് മുടങ്ങിക്കിടന്നതാണ്. കിഴക്കേത്തെരുവിലും വിളക്കുടിയിലും പച്ചിലവളവിലും റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച സ്ഥിതിയ്ക്ക് ഇതിന്റെ ഭാഗമായി ചന്തമുക്കിലെ പ്രശ്നങ്ങൾക്കുകൂടി പരിഹരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

വെള്ളം ഓടയിലേക്കിറങ്ങില്ല

പുത്തൂർ റോഡിൽ നിന്നും വരുന്ന വെള്ളമാണ് പ്രധാനമായും ചന്തമുക്കിൽ റോഡിൽ നിറയുന്നത്. ഇത് ഓടയിലേക്ക് ഇറങ്ങാൻ സംവിധാനങ്ങൾ കുറവാണ്. ഓടയിലേക്ക് വെള്ളം ഇറങ്ങേണ്ട ഇരുമ്പ് മൂടികളുണ്ട്. ഇതിന്റെ അകലം കുറവായതിനാൽ വെള്ളം ഇറങ്ങാൻ ബുദ്ധിമുട്ടാണ്. മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ തീരെ വെള്ളം ഇറങ്ങാത്ത സ്ഥിതിയാണ്. നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഇവിടം വൃത്തിയാക്കിയെങ്കിൽ മാത്രമേ വെള്ളം കൃത്യമായി ഓടയിലേക്ക് ഇറങ്ങുകയുള്ളൂവെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ക്ഷേത്ര വഴിയിലെ ഓട അടച്ചതാണ് കാരണം

ചന്തമുക്കിലെ വെള്ളം ഒഴുകിപ്പോകാനായി കുലശേഖരപുരം ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഓരത്ത് ഓടയുണ്ടായിരുന്നു. ഇത് അടച്ചതാണ് വെള്ളമൊഴുക്കിന്റെ പ്രധാന തടസം. ദേശീയപാത വിഭാഗം ഇത് കണ്ടെത്തിയത് അടുത്തിടെയാണ്. എന്നാൽ പരിഹാര മാർഗ്ഗം സ്വീകരിച്ചിട്ടില്ല.