baby
അണുനാശിനി ദേഹത്ത് വീണ കുഞ്ഞ് മാതാവിനൊപ്പം

കൊട്ടിയം: മയ്യനാട് ധവളക്കുഴിയിലെ സുനാമി ഫ്ലാറ്റിന് മുന്നിൽ അമ്മ ഉറക്കി കിടത്തിയിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ അണുനാശിനി തളിച്ചു. മാതാപിതാക്കളുടെ പരാതിയിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫ്ലാറ്റ് നമ്പർ ഒൻപതിൽ താമസിക്കുന്ന പ്ലിന്റുവിന്റെയും സുരേഷിന്റെയും മകൻ ക്രിസ്‌വാന്റെ ശരീരത്ത് 5ന് രാവിലെ പതിനൊന്നരയോടെയാണ് ഫ്ളാറ്റിലെ മറ്റൊരു താമസക്കാരൻ അണുനാശിനി തളിച്ചത്.

കുട്ടിയെ ഫ്ലാറ്റിന് മുന്നിൽ നിലത്ത് പായയിൽ കിടത്തിയ ശേഷം വീട്ടുകാർ അടുക്കളയിൽ നിൽക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ കരച്ചിൽ കേട്ടാണ് സുരേഷ് ഓടിയെത്തിയത്. അണുനാശിനി പ്രയോഗം നടത്തിയ ആളെ സുരേഷ് ചോദ്യം ചെയ്തെങ്കിലും ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ ശരീരം കഴുകി വൃത്തിയാക്കിയെങ്കിലും അടുത്ത ദിവസം ചൊറിച്ചിലും തടിപ്പും നിറം മാറ്റവും അനുഭവപ്പെട്ടു.

തുടർന്ന് കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആശുപത്രിയിൽ നിന്ന് ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. അണുനശീകരണം നടത്തിയ സാഹചര്യം, കുട്ടിയെ ബോധപൂർവം ഉപദ്രവിച്ചതാണോ തുടങ്ങിയ വിഷയങ്ങൾ ഇരവിപുരം പൊലീസ് അന്വേഷിക്കുകയാണ്.