
കൊല്ലം: നിരത്തുവക്കുകളിൽ ആടുമാടുകളെ കശാപ്പ് ചെയ്ത് തൂക്കി വില്പന നടത്തുന്നതിന് ഹൈക്കോടതി നിരോധനമുണ്ടെങ്കിലും നാട്ടിൻപുറങ്ങളിലും നഗരത്തിലും കശാപ്പും വില്പനയും പൊടിപൊടിക്കുന്നു. ജില്ലയിൽ കൊല്ലം കോർപ്പറേഷനിലുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഒരിടത്തു പോലും അംഗീകൃത അറവുശാലകളില്ലെങ്കിലും കോടികളുടെ മാട്ടിറച്ചി വ്യാപാരമാണ് ജില്ലയിൽ നടക്കുന്നത്. കശാപ്പിന് യോഗ്യമാണെന്ന് മൃഗ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മൃഗങ്ങളെ സർക്കാർ അംഗീകൃത അറവുശാലകളിൽ കശാപ്പ് ചെയ്ത് ആ ഇറച്ചി മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ അറവുശാല അടച്ചിട്ടിരിക്കുന്ന കൊല്ലം നഗരത്തിലുൾപ്പെടെ പലേടത്തും കശാപ്പും വില്പനയും തകൃതിയായി നടക്കുകയാണ്. പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പ് മേധാവികളുടെയും മൗനാനുവാദത്തോടെയാണ് കശാപ്പും വില്പനയും നടക്കുന്നത്. മാംസാഹാരം വേണ്ടവർക്ക് അതിനാവശ്യമായ സംവിധാനം ഒരുക്കാൻ കഴിയാത്തതിനാലാണ് പല പഞ്ചായത്തുകളും ഭരണ സമിതികളും മൗനം നടിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങൾക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ അംഗീകൃത അറുവുശാല ഇല്ലാത്തിടത്ത് നിയമാനുസൃതം കശാപ്പനുവദിക്കാൻ പാടില്ലെന്നാണ് നിയമം. പരിസ്ഥിതി മലിനീകരണമുണ്ടാകാതെ അറവുശാലകൾ സ്ഥാപിക്കാൻ വലിയ തുക ചെലവ് വരും. ഈ ഭാരിച്ച തുക കണ്ടെത്താനാകാത്തതിനാൽ ജില്ലയിലെ മുനിസിപ്പാലിറ്റികളുൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ അറവുശാലയ്ക്ക് ശ്രമിക്കുന്നുമില്ല. അറവുശാലകളില്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് നഷ്ടമാകുന്നത് ലക്ഷങ്ങളുടെ വരുമാനമാണ്.
മാംസം അയൽ ജില്ലകളിലേക്കും
അവധിദിവസങ്ങളിലും ആഘോഷവേളകളിലുമാണ് വൻ തോതിൽ കശാപ്പും വില്പനയും നടക്കുന്നത്. അനധികൃത കശാപ്പ് മൂലം അവശിഷ്ടങ്ങൾ കൃത്യമായി മറവ് ചെയ്യാതെ റോഡരികിൽ വലിച്ചെറിയുന്നത് പരിസര മലിനീകരണത്തിനും കാരണമാകുന്നുണ്ട്. റോഡ് വക്കിലെ പുറമ്പോക്കുകളിലാണ് അനധികൃത കേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ഒന്നോ രണ്ടോ മാടുകളെ കശാപ്പ് നടത്തി കച്ചവടം ചെയ്യുന്ന കേന്ദ്രങ്ങളാണ് അനധികൃത കശാപ്പ്‌കേന്ദ്രങ്ങളിൽ അധികവും. എന്നാൽ ഡസൻകണക്കിന് ആട്, കാള, പോത്ത് എന്നിവയെ കശാപ്പ് ചെയ്ത് അയൽ ജില്ലകളിലേക്ക് മാംസം എത്തിക്കുന്ന കേന്ദ്രങ്ങളും കൊല്ലം ജില്ലയിൽ സജീവമാണ്.
പരിശോധനയുമില്ല,
സർട്ടിഫിക്കറ്റുമില്ല
ഡോക്ടർമാരുടെ പരിശോധനയോ സർട്ടിഫിക്കറ്റോ ഇല്ലാതെ കുളമ്പ് രോഗമടക്കം ബാധിച്ച കന്നുകാലികളെ ഉൾപ്പടെ മാംസത്തിനായി കശാപ്പ് ചെയ്യുന്നുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പല ഇറച്ചി വില്പന കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും ഇത്തരത്തിൽ മാട്ടിറച്ചി വിതരണം ചെയ്യുന്നുണ്ട്. റോഡരികിൽ വണ്ടിനിറുത്തിയിട്ടും താത്കാലിക ഷെഡ് ഉണ്ടാക്കിയും വില്പന നടത്തുന്നത് പതിവ് കാഴ്ച്ചയാണ്. വാഹനങ്ങളിൽ കൊണ്ടുവന്ന് വിൽക്കുന്നതിനാൽ ഇറച്ചിയുടെ ഗുണമേന്മ ഉറപ്പുവരുത്താനും കഴിയില്ല.