
 നഗര - ഗ്രാമങ്ങളിൽ വ്യാപനം വർദ്ധിക്കുന്നു
കൊല്ലം: നഗരമേഖലകളിൽ ഓഫീസുകൾ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനമെന്ന് ജില്ലാതല അവലോകന യോഗത്തിൽ വിലയിരുത്തൽ. എന്നാൽ ഗ്രാമീണ മേഖലയിൽ വ്യാപാരികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവരിലാണ് രോഗബാധ കൂടുതൽ. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണനും കൊല്ലം റൂറൽ പൊലീസ് മേധാവി എസ്. ഹരിശങ്കറുമാണ് അവലോകന യോഗത്തെ ഇക്കാര്യം അറിയിച്ചത്.
കൊല്ലം നഗരത്തിലുൾപ്പെടെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് രോഗബാധ പടർന്നിരുന്നു. 16 ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം കോപ്പറേഷന്റെ പ്രധാന ഓഫീസ് രണ്ട് ദിവസം അടച്ചിടേണ്ട സാഹചര്യവുമുണ്ടായി. ജീവനക്കാർ ഒരുമിച്ച് കൂടുതൽ സമയം ചെലവിടുന്നതിനാൽ ഓഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രോഗ ബാധ ഉയർന്നിരുന്നു.
ഓഫീസുകളിൽ അവലംബിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളും മുൻ കരുതലുകളും സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കരുതെന്നും നിർദേശിച്ചിരുന്നു. പാതുജനങ്ങളുമായി സമ്പർക്കമില്ലാത്ത ഓഫീസുകളായാലും മാസ്ക് ധരിക്കാതെ ഓഫീസിൽ ഇരിക്കരുതെന്ന് കളക്ടർ നിർദേശിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുമ്പോഴും ഓഫീസുകൾ കേന്ദ്രീകരിച്ച് കൊവിഡ് നിരക്ക് ഉയരുകയാണ്.
 ചികിത്സ വെല്ലുവിളിയാകും
ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെ ലഭ്യമല്ലാത്തത് കടുത്ത വെല്ലുവിളിയാണ് ചികിത്സാ രംഗത്ത് ഉയർത്തുന്നത്. ഏതെങ്കിലും ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അവർക്കൊപ്പമുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയാണ്. ഇതോടെ ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്ത സ്ഥിതിയാകും. മാത്രമല്ല, പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലും ഗുരുതര സ്വഭാവമുള്ള കൊവിഡ് രോഗികൾക്ക് മാത്രമാണ് ചികിത്സാ സൗകര്യം. രോഗവ്യാപനം വർദ്ധിക്കുമ്പോൾ ആരോഗ്യ മേഖലയും കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോവുകയാണ്. സ്വയം പ്രതിരോധമില്ലാതെ രോഗികളുടെ എണ്ണമേറിയാൽ ആവശ്യമായ ചികിത്സ മറ്റ് രോഗികൾക്കും നൽകാൻ കഴിയാത്ത സാഹചര്യം വന്നേക്കാം.
 യോഗത്തിലെ വിലയിരുത്തലുകൾ
1. മാനസിക അസ്വസ്ഥത നേരിടുന്നവർക്കും മദ്യപാന ആസക്തി ഉള്ളവർക്കും കൊട്ടാരക്കരയിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം
2. കൊവിഡ് പ്രോട്ടോക്കോൾ പാലനത്തിന് പ്രവർത്തിക്കുന്ന സ്‌ക്വാഡുകളുടെ പരിശോധനകൾ, ഗൃഹ സന്ദർശനങ്ങൾ എന്നിവ ശക്തമാക്കി
3. കൊവിഡ് ചികിത്സയോട് സ്വകാര്യ ആശുപത്രികളും അനുകൂലമായി പ്രതികരിച്ച് തുടങ്ങി
''
ഹാർബറുകളിലും നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കാൻ കൊല്ലം കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി.
ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ