
കൊല്ലം: എല്ലാ ദിവസവും നൂറുകണക്കിന് പേരെത്തിയിരുന്ന കൊല്ലം ബീച്ചിൽ ആളൊഴിഞ്ഞിട്ട് ഏഴുമാസം പിന്നിടുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിൽ നിയന്ത്രണം തുടങ്ങിയതാണ്.
അവധി ദിനങ്ങളിൽ കൊല്ലം നഗരത്തിലെ ഏറ്റവും കൂടുതൽ തിരക്കുള്ള കേന്ദ്രമാണ് കൊല്ലം ബീച്ച്. ആയിരത്തിന് മുകളിൽ ആളുകൾ അവധി ആഘോഷിക്കാൻ കൊല്ലം ബീച്ചിലെത്തും. ഇവിടേക്കുള്ള റോഡുകൾ നിറയെ വാഹനങ്ങൾ കൊണ്ട് നിറയും. പൊലീസ് ഏറെ പണിപ്പെട്ടാണ് ബീച്ചിന് മുന്നിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാലിപ്പോൾ തെന്നിയും തെറിച്ചും വല്ലപ്പോഴുമാണ് ആളുകളെത്തുന്നത്. ഇങ്ങനെയെത്തുന്നവരെ പൊലീസ് പട്രോളിംഗ് സംഘം നിമിഷങ്ങൾക്കം തുരത്തുകയും ചെയ്യും.
ഏകദേശം നൂറോളം കച്ചവടക്കാരും ബീച്ചിനെ ആശ്രയിച്ച് ജീവിതം പുലർത്തിയിരുന്നതാണ്. നിയന്ത്രണങ്ങൾ ഇന്ന് ആവസാനിക്കും നാളെ തീരും എന്ന പ്രതീക്ഷയിൽ ഇവർ ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു. ഇപ്പോൾ എല്ലാ പ്രതീക്ഷകളും മങ്ങി കച്ചവടക്കാരിൽ പലരും മറ്റ് സ്ഥലങ്ങളിലേക്ക് ചെക്കേറി. ഇങ്ങനെ മാറിയവരിൽ പലരുടെയും കച്ചവടം പച്ചപിടിക്കാതെ പട്ടിണിയിലുമാണ്.
വിനോദ കേന്ദ്രങ്ങൾ ഉറക്കച്ചടവിൽ
ബീച്ച് പോലെ തന്നെ നഗരത്തിലെ വിനോദ കേന്ദ്രങ്ങളെല്ലാം ഉറക്കച്ചടവിലാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ബീച്ചിന് സമീപത്തെ ജലകേളീകേന്ദ്രം, എം.ജി പാർക്ക് എന്നിവിടങ്ങളില്ലെങ്ങും കാര്യമായി ആളില്ല. 144 കൂടി നിലവിൽ വന്നതോടെ ഇവിടെങ്ങളെല്ലാം മനുഷ്യഗന്ധം തന്നെ മറന്നിരിക്കുകയാണ്. കൊല്ലത്ത് നിന്നുള്ള വിനോദ ബോട്ട് സർവീസിന്റെ സ്ഥിതിയും സമാനമാണ്.
നീളുന്ന പ്രതിസന്ധികൾ
1. കൊവിഡിനെ തുടർന്ന് ടൂറിസം മേഖല ഒന്നാകെ നിശ്ചലം
2. ഉപജീവനം കണ്ടെത്തിയവർക്ക് വരുമാനം നിലച്ചു
3. ചെറുകിട സ്വകാര്യ സംരംഭങ്ങളെല്ലാം പൂട്ടിക്കെട്ടി
4. ഭക്ഷണ - കരകൗശല ശാലകൾ അടഞ്ഞു
5. വഴിയോര കച്ചവടങ്ങളും വഴിയാധാരം
''
ജില്ലയിലെ ടൂറിസം മേഖല നിർജ്ജീവമാണ്. ഇതോടെ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിലായി.
വ്യാപാരികൾ