 
തഴവ: കരുനാഗപ്പള്ളി കോടതി സമുച്ചയം നിർമ്മിക്കുന്നതിനായി ഭൗതിക പശ്ചാത്തലം ഒരുക്കാൻ ശ്രമിച്ച തഴവ ഗ്രാമ പഞ്ചായത്തിന് വിലപിടിപ്പുള്ള സ്ഥലവും കോടതിയും നഷ്ടമായി. അഞ്ച് കോടതികളാണ് നിലവിൽ കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ മജിസ്ടേറ്റ് കോടതിയും മുൻസിഫ് കോടതിയും ഒഴിച്ച് ബാക്കിയുള്ളവയെല്ലാം വിവിധ സ്ഥലങ്ങളിലെ വാടകക്കെട്ടിടങ്ങളിലാണ്. കരുനാഗപ്പള്ളിയിൽ പ്രത്യേക കോടതി സമുച്ചയം നിർമ്മിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്ന് സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതി സമുച്ചയത്തിന് സ്ഥലം നൽകാൻ തഴവ ഗ്രാമ പഞ്ചായത്ത് സന്നദ്ധരായത്. 2017 ആഗസ്റ്റിൽ ചേർന്ന തഴവ പഞ്ചായത്ത് യോഗം ദേശീയ പാതയ്ക്ക് അര കിലോമീറ്റർ മാത്രം കിഴക്കുവശമുള്ള ചിറ്റുമൂല സ്റ്റേഡിയത്തിലെ ഒരേക്കർ സ്ഥലം കോടതി സമുച്ചയം നിർമ്മിക്കാനായി നൽകാൻ തീരുമാനിച്ചു. റവന്യൂ വകുപ്പുമായി സഹകരിച്ച് ആവശ്യമായ രേഖകൾ കൈമാറുകയും ചെയ്തു. ഇതനുസരിച്ച് കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് അംഗീകാരം നൽകി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോടതി സമുച്ചയം തഴവയിൽ സ്ഥാപിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.
 തഴവയിൽ അനുവദിച്ച കോടതി സമുച്ചയം തഴവയിൽ തന്നെ നിർമ്മിക്കണം. നിർമ്മാണത്തിൽ നിന്ന് പിൻമാറിയിട്ടുണ്ടെങ്കിൽ സ്ഥലം പഞ്ചായത്തിനെ തിരികെ ഏൽപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
സലീം അമ്പീത്തറ
തഴവ ഗ്രാമ പഞ്ചായത്ത് അംഗം
വാടകക്കെട്ടിടങ്ങളിലും സിവിൽ സ്റ്റേഷനിലും പ്രവർത്തിക്കുന്ന കരുനാഗപ്പള്ളിയിലെ കോടതികളുടെ വികസന സ്വപ്നമാണ് തഴവ കോടതി സമുച്ചയം ഉപേക്ഷിക്കുന്നതിലൂടെ നഷ്ടമാകുന്നത്.
പി.കെ.റോണി
അഭിഭാഷകൻ.
 പ്രായോഗിക സമീപനം കൈക്കൊള്ളാത്ത പഞ്ചായത്തിന്റെ നടപടിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തഴവ യിൽ അനുവദിച്ച കോടതി സമുച്ചയം എത് സാഹചര്യത്തിലാണ് അനിശ്ചിതത്വത്തിലായതെന്ന് അധികൃതർ വ്യക്തമാക്കണം
ചക്കാലത്തറ മണിലാൽ
പ്രസിഡന്റ്, തഴവ കോൺഗ്രസ് മണ്ഡലം കമ്മിറ്റി
സ്ഥലം കൈവിട്ടോ...
കോടതി സമുച്ചയം നിർമ്മിക്കാനായി കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലം സർക്കാരിന് നൽകിയ തഴവ പഞ്ചായത്ത് കൈവശമിരുന്ന മണ്ണ് കൈവിട്ട അവസ്ഥയിലാണ്. സ്ഥലം കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിനായി ഏറ്റെടുത്തിട്ടുണ്ടോ അതോ ഉപേക്ഷിച്ചിട്ടുണ്ടോ എന്നുപോലും അറിയിക്കാൻ അധികൃതർ തയ്യാറാകാത്തതോടെ ഗ്രാമ പഞ്ചായത്തിനും ഇക്കാര്യത്തിൽ വ്യക്തതയില്ല.
തിരികെ ലഭിക്കാൻ നിയമനടപടി
സ്ഥലത്തിന്റെ ഭൗതിക പശ്ചാത്തലം സംബന്ധിച്ച് ചിലർ ജില്ലാ കോടതിയിൽ പരാതി നൽകിയതാണ് തുടർ നടപടി അനിശ്ചിതത്വത്തിലാവാൻ കാരണമെന്ന് ചിലർ പറയുന്നു. എന്നാൽ കോടതി സമുച്ചയം തഴവയിൽ നിന്ന് മാറ്റാനുള്ള ആസൂത്രിത നീക്കമാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ആരോപണമുണ്ട്. കോടതി സമുച്ചയം തഴവയിൽ സ്ഥാപിച്ചില്ലെങ്കിൽ സ്ഥലം തിരികെ ലഭിക്കാൻ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് കമ്മിറ്റി.
 കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്നത്
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
മുൻസിഫ് കോടതി
അസിസ്റ്റൻഡ് സെഷൻസ് കോടതി
കുടുംബ കോടതി
പോക്സോ സ്പെഷ്യൽ കോടതി