kolla

കൊല്ലം: ഒരു വിപ്ളവത്തിന്റെ ആവേശത്തിമിർപ്പോടെയായിരുന്നു കൊല്ലംകാരൻ എന്ന പംക്തിയുടെ തുടക്കം. അനിൽ പനച്ചൂരാന്റെ ആ വരികൾ ഇങ്ങനെ...
'ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
ഓർക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതി വച്ച വാക്കുകൾ'

ശരിയുടെ സമരരൂപമാണ് സഖാവ്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമൊക്കെ സഖാക്കളായത് സമരാവേശത്തിന്റെ നേർനാവുകളായപ്പോഴാണ്. സഖാക്കളുടെ സമരാവേശങ്ങൾ പല നാടിന്റെയും ചരിത്രം തന്നെ മാറ്റിയെഴുതിയിട്ടുണ്ട്. സമരമുറകളിൽ നിന്ന് ഉയിർകൊണ്ട സഖാക്കൾ നാടുഭരിക്കുമ്പോൾ സമരങ്ങളെ അടിച്ചമർത്തുന്നതും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ മറ്റൊരു സഖാവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതും എത്രത്തോളം ശരിയാണെന്നാണ് നാട്ടുകാരുടെ ചോദ്യം.

പ്രേമചന്ദ്രൻ സഖാവിനെ പരനാറിയെന്ന് വിളിക്കുന്നതിന് മുൻപ് അദ്ദേഹവും പാർട്ടിയും ഇടതുമുന്നണിക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം ഓർമ്മയുണ്ടോ? ഉമ്മൻചാണ്ടിയുടെ പൊലീസ് അടിച്ച് നിലംപരിശാക്കിയ ആ സഖാക്കളുടെ കൂട്ടത്തിൽ ലാലു എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. ആ സമരത്തെ തുടർന്ന് ലാലുവിന് ലഭിച്ചത് തലയിൽ 16 സ്റ്റിച്ചുകളാണ്. ആറുമാസത്തിലേറെ ജീവിതം പ്രതിസന്ധിയിലാണ്ട് വീണ്ടും പാർട്ടിയിൽ സജീവമായ അന്നത്തെ ആ ചെറുപ്പക്കാരനെയാണ് സമരത്തിന്റെ തീച്ചൂളയിൽ ഉയിർത്തുവന്ന പിണറായി സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അയാൾ ചെയ്ത ഏകതെറ്റ് ഇപ്പോൾ പ്രതിപക്ഷത്ത് നിലയുറപ്പിച്ചു എന്നുള്ളതാണ്.

ദേവസ്വം ബോർഡിൽ കഴകമായി ജോലിചെയ്യുകയാണ് ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കൂടിയായ എസ്. ലാലു. ദേവസ്വം ബോർഡ് ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനത്തിനും സമരം ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ടല്ലേ തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് അടക്കം ദേവസ്വം ബോർഡ് ജീവനക്കാർ മത്സരിക്കുന്നതും ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നതും. കഴിഞ്ഞ 17 വർഷമായി നൂറുകണക്കിന് സമരങ്ങളിൽ പങ്കെടുത്തെങ്കിലും ആദ്യമായാണ് ഒരു സസ്‌പെൻഷൻ. ലാലുവിലെ സമരാവേശം കെടുത്തുകയാണ് നടപടിക്ക് പിന്നിലെ ലക്ഷ്യമെന്നാണ് നാട്ടിലെ ചെറുപ്പക്കാരുടെ പക്ഷം.

സമരത്തിന് പോകുന്ന സഖാക്കളെ സസ്‌പെൻഡ് ചെയ്യാൻ തുടങ്ങിയാൽ എത്ര എൻ.ജി.ഒ യൂണിയൻകാരും ജോയിന്റ് കൗൺസിലുകാരും ഓഫീസുകളിൽ ഉണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമരമുഖങ്ങളിലെ അടിയും ഇടിയും കണ്ട് തഴമ്പിച്ച് ചങ്കുവിരിച്ച് ഭരണത്തിലേയ്ക്ക് നടന്നുകയറിയവർ തന്നെ ജനാധിപത്യത്തെയും അടിസ്ഥാനവർഗത്തെയും അടിച്ചമർത്തിയാൽ ചരിത്രം വഴിമാറും. ചൈനയിലെ ടിയാൻമെൻ സ്‌ക്വയറുകൾക്ക് തുല്യമാകും കേരളം.

അതുകൊണ്ട് നമുക്ക് കാക്കാം, യുവ വിപ്ലവത്തിന്റെ പൊൻ നെരിപ്പോടുകൾ... ഓർക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ....