
തഴവ: തഴവയിൽ 17 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മണപ്പള്ളി തണ്ണീർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ടവരുൾപ്പെടെ 115 പേരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്. തഴവ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാലുപേർക്കും പതിനേഴാം വാർഡിൽ 3 പേർക്കും 21, 19 വാർഡുകളിൽ രണ്ടുപേർക്ക് വീതവും 4, 8, 9, 10, 13, 14 വാർഡുകളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഗ ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.
തൊടിയൂരിൽ 8 പേർക്ക്
തൊടിയൂർ: കല്ലേലിഭാഗം, പുലിയൂർ വഞ്ചി തെക്ക്, പുലിയൂർ വഞ്ചി വsക്ക്, തൊടിയൂർ നോർത്ത് എന്നിവടങ്ങളിൽ ഒരു കുട്ടി ഉൾപ്പടെ എട്ട് പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 5 പുരുഷന്മാർക്കും മൂന്നു സ്ത്രീകൾക്കുമാണ് കൊവിഡ് പോസിറ്റീവായത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും സ്വകാര്യ ലാബിലുമാണ് ഇവരുടെ പരിശോധന നടത്തിയത്. എല്ലാവരെയും വീടുകളിൽത്തന്നെ ചികിത്സയിലാക്കി.
രോഗ ബാധിതരെ വീടുകളിൽ തന്നെ ചികിത്സയ്ക്ക് വിധേയരാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ഡോ. ജാസ്മിൻ റിഷാദ്, തഴവ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ