
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്ന ഒരു ആചാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ഇന്തോനേഷ്യയിലെ സുമ്പ ദ്വീപിലാണ് ഇങ്ങനെയൊരു ആചാരമുള്ളത്.'കവിൻ തങ്ക്ക്കാപ്പ്" അഥവാ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുക, എന്നാണ് ഈ ആചാരത്തെ വിളിക്കുന്നത്. പെൺകുട്ടിയുടെ ഇഷ്ടമോ സമ്മതമോ ചോദിക്കാതെ അവരെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നതാണ് രീതി. വിവാഹം ചെയ്യാൻ പോകുന്ന പുരുഷനോ അല്ലെങ്കിൽ ഇയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകുക. ഇതിനെതിരെ നിയമങ്ങളൊന്നുംതന്നെ ഇല്ലാത്തതിനാൽ പൊതുസ്ഥലത്തുവച്ച് പോലും ബലംപ്രയോഗിച്ച് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുക പതിവാണ്. തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ വീട്ടിൽ എത്തിച്ചാലുടൻ അവർക്ക് കഴിക്കാനോ കുടിക്കാനോ എന്തെങ്കിലും നൽകും. വീട്ടുകാർ നൽകുന്ന ഈ വെള്ളമോ ഭക്ഷണമോ സ്വീകരിച്ചാൽ വിവാഹത്തിന് സമ്മതമാണെന്നാണ് അർത്ഥം. ഇതിന് പിന്നാലെ യാതൊരു അറിയിപ്പുമില്ലാതെ പെൺകുട്ടിയെ വിവാഹം കഴിക്കും.
കവിൻ തങ്ക്ക്കാപ്പ് എന്ന് പറയുന്നത് അറേഞ്ച്ഡ് വിവാഹമായിട്ടാണ് സുമ്പയിലുള്ളവർ കാണുന്നത്. ഇവിടെ സ്ത്രീകൾക്ക് മിണ്ടാനുള്ള അവകാശമില്ല. സ്ത്രീകൾ ആരെങ്കിലും തന്നെ തട്ടിക്കൊണ്ടുപോയ പുരുഷന്റെ വീട്ടിൽനിന്ന് രക്ഷപ്പെട്ടെത്തിയാൽ അവർക്ക് പിന്നീട് വിവാഹം കഴിക്കാനോ പ്രസവിക്കാനോ ഉള്ള യോഗ്യതയില്ലെന്ന് സമൂഹത്തിലെ മുതിർന്നയാളുകൾ മുദ്രകുത്തും. ഇത് ഭയന്ന് പല പെൺകുട്ടികളും ഇഷ്ടമില്ലെങ്കിലും ആ വിവാഹത്തിന് സമ്മതിക്കുകയാണ് പതിവ്.