covid

 പ്രതിദിനം ആയിരം കടക്കുന്നത് ഇതാദ്യം

കൊല്ലം: ജില്ലയിൽ ആദ്യമായി ഇന്നലെ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നു. 1,​107 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 892 ആയിരുന്നു ജില്ലയിൽ ഇതുവരെ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന സംഖ്യ.

വരും ദിവസങ്ങളിലും ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കാൻ സാദ്ധ്യതയുണ്ട്. ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെയാണ് തൊട്ടടുത്ത ദിവസങ്ങളിൽ പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇങ്ങനെ ഓരോ ദിവസവും സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ പേരിൽ തൊട്ടടുത്ത ദിവസങ്ങളിൽ രോഗം കണ്ടെത്തുന്നതാണ് പൊതുവെയുള്ള രീതി. ഏതെങ്കിലും കേന്ദ്രങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധന നടക്കാതെ വരുന്ന ദിവസങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കുറയുന്നത്.

 ആകെ ബാധിതർ 21,000 പിന്നിട്ടു

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 21,543 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. വെള്ളിയാഴ്ച് 20,420 ആയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ആകെ രോഗബാധിതർ കാൽ ലക്ഷം കടക്കാനാണ് സാദ്ധ്യത. ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച ജില്ലകളുടെ കൂട്ടത്തിൽ കൊല്ലം അഞ്ചാം സ്ഥാനത്താണ്.

 രോഗമുക്തിയിലും 1,000

രോഗമുക്തരായവരുടെ എണ്ണവും ഇന്നലെ ആയിരം കടന്നു. 1,022 പേരാണ് ഇന്നലെ രോഗമുക്തരായത്. വെള്ളിയാഴ്ച 1,384 പേർ രോഗമുക്തരായിരുന്നു. രോഗബാധയ്ക്കൊപ്പം രോഗമുക്തിയും വർദ്ധിക്കുന്നത് ചെറിയ ആശ്വാസമാണ്.

 കൊവിഡ് കൂടുതൽ സ്ഥിരീകരിച്ച ദിനങ്ങൾ

 ഇന്നലെ: 1,107

 ഒക്ടോബർ 7: 852

 ഒക്ടോബർ 6: 845

 ഒക്ടോബർ 4: 866

 ഒക്ടോബർ 2: 892

 സെപ്തംബർ 30: 812

 മരണനിരക്കിൽ അഞ്ചാം സ്ഥാനം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ കൊല്ലം അഞ്ചാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഇതുവരെ 978 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 77 പേർ കൊല്ലം സ്വദേശികളാണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, എറുണാകുളം ജില്ലകളാണ് മരണ കണക്കിൽ കൊല്ലത്തേക്കാൾ മുന്നിലുള്ളത്.