 
കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ പല വാർഡുകളിലും കൊവിഡ് വ്യാപനം രൂക്ഷം. മുൻപുണ്ടായിരുന്ന ജാഗ്രത ഇപ്പോൾ ആർക്കുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആളുകൾ സുരക്ഷാമാനദണ്ഡങ്ങളില്ലാതെ പുറത്ത് കറങ്ങുകയും സാമൂഹ്യ അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നതായി പ്രദേശവാസികൾ തന്നെ പരാതിപ്പെടുന്നു.പഞ്ചയത്തിലെ എട്ടു വാർഡുകൾ നിലവിൽ കണ്ടൈയ്ൻമെന്റ് സോണുകളാണെങ്കിലും വേണ്ടത്ര നിയന്ത്രണങ്ങൾ പാലിക്കാത്തത് രോഗ വ്യാപനം വർദ്ധിക്കാൻ ഇടയാകുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
കണ്ടെയ്ൻമെന്റ് സോൺ
നെടുവത്തൂർ താമരശേരി ജംഗ്ഷൻ,8-ാം വാർഡ് ചാലൂക്കോണം,12-ാം വാർഡ് വെൺമണ്ണൂർ എന്നിവ പൂർണമായും, 4-ാം വാർഡ് മരുതൂർ, പണയിൽ കോട്ടാത്തല.5-6-ാം വാർഡുകളിലെ അവണൂർ ഭാഗം,9-ാം വാർഡ് ചാമവിള ,പ്ളാമൂട് മഞ്ചേരിഭാഗം, 13-ാം വാർഡ് നെടുവത്തൂർ ഫാക്ടറി ജംഗ്ഷൻ, കിള്ളൂർ,ഇലഞ്ഞിക്കോട് ഭാഗം, 14-ാം വാർഡ് കിള്ളൂർ തെങ്ങുവിള ജംഗ്ഷൻ, പൂന്തോട്ടം ജംഗ്ഷൻ, വിളയിൽ ഭാഗം, ചണ്ണക്കാപ്പറ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണായിട്ടുള്ളത്. കൂടാതെ കുറുമ്പാലൂർ, വല്ലം, തേവലപ്പുറം, തുടങ്ങിയ പ്രദേശങ്ങളിലും രോഗം പടരുന്നു.
നിയന്ത്രണങ്ങൾ ആരും പാലിക്കുന്നില്ല.
രോഗ ബാധിതർ ഏറിയ പങ്കും വീടുകളിൽ തന്നെ ചികിത്സയിലായതിനാൽ കർശനമായ നിയന്ത്രണങ്ങൾ ആരും പാലിക്കുന്നില്ല. രോഗ ബാധിതന്റെ വീട്ടിലുള്ളവർ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയണമെന്നാണ് വ്യവസ്ഥ.പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ വീടുകളിലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുന്നുണ്ട്.ആരോഗ്യ പ്രവർത്തകരോ സന്നദ്ധപ്രവർത്തകരോ സ്ഥല സന്ദർശം നടത്തി വീട്ടുകാർക്ക് വേണ്ട മാർഗ നിർദ്ദശം നടത്താൻ തയ്യാറാകണം.കഴിഞ്ഞ ദിവസം ആന്റിജൻ പരിശോധന നടത്തിയ ഇളമാട് സ്വദേശികളായ ദമ്പതികൾ വില്ലേജ് ഓഫീസിലും താലൂക്കോഫീസിലും എത്തിയത് കൃത്യമായ ബോധവത്ക്കരണം ലഭിക്കാത്തു കൊണ്ടാണ്. ആരോഗ്യ പ്രവർത്തകർ കണ്ടെയ്ൻമെന്റ് സോണുകളിലും രോഗ വ്യാപനമുണ്ടാകുന്ന പ്രദേശങ്ങളിലും എത്തി രോഗബാധയുണ്ടായ വ്യക്തിയുടെ വീട്ടുകാരെയും അയൽക്കാരെയും അടിയന്തരമായി ബോധവത്ക്കരിക്കണം.