trafic

കൊല്ലം: സിറ്റി പൊലീസിൽ ട്രാഫിക് എ.സി.പിയുടെ പുതിയ തസ്തികയ്ക്ക് സാദ്ധ്യത. ഇതുസംബന്ധിച്ച് പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയ നിർദ്ദേശം ആഭ്യന്തര വകുപ്പിന്റെ സജീവ പരിഗണനയിലാണ്. നിലവിൽ കൊല്ലം നഗരത്തിൽ പഴയ ദേശീയപാത 66ൽ മേവറം മുതൽ രാമൻകുളങ്ങര വരെയും കൊല്ലം - തിരുമംഗലം പാതയിൽ ചിന്നക്കട മുതൽ രണ്ടാം കുറ്റി വരെയുമാണ് ട്രാഫിക് എൻഫോഴ്സ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ളത്.

ആശ്രാമം ആസ്ഥാനമായുള്ള ഈ യൂണിറ്റിന്റെ മേധാവി ട്രാഫിക് എസ്.ഐയാണ്. കൊല്ലം എ.സി.പിക്കാണ് ഗതാഗതത്തിന്റെ മേൽനോട്ട ചുമതല. നേരത്തെ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് അഞ്ച് സ്റ്റേഷനുകളുടെ വരെ മേൽനോട്ട ചുമതല ഉണ്ടായിരുന്നു. സി.ഐ തസ്തിക ഇൻസ്പെക്ടർ ഒഫ് പൊലീസാക്കി സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചതോടെ എ.സി.പിമാരുടെ (ഡിവൈ.എസ്.പി) ഉത്തരവാദിത്വം ഇരട്ടിയായി. സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് പുറമേ ഗൗരവമുള്ള കേസുകളുടെ അന്വേഷണ ചുമതല കൂടിയുണ്ട്.

ഇതിനിടയിൽ ഗതാഗത നിയന്ത്രണം കൂടി നോക്കേണ്ടതിനാൽ എല്ലാം കുഴഞ്ഞുമറിയുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ ആലോചന. നിലവിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് ട്രാഫിക് എ.സി.പിമാരുണ്ട്. ഗതാഗത നിയന്ത്രണത്തിന്റെ പൂർണ ചുമതലയോടെയാകും പുതിയ എ.സി.പി തസ്തിക അനുവദിക്കുക. ഓരോ ജില്ലാ പൊലീസിലും ഒരു സ്റ്റേഷന്റെ നിയന്ത്രണം ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകുന്ന പരിഷ്കാരം വൈകാതെ നിലവിൽ വരും. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനാണ് ഇതിനായി പരിഗണനയിലുള്ളത്. നിലവിൽ കൊല്ലം സിറ്റിയിൽ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ക്രൈ റെക്കാർഡ്സ് ബ്യൂറോ എന്നിവയുടെയും മൂന്ന് സബ് ഡിവിഷനുകളുടെയും മേധാവികളായും ആറ് എ.സി.പിമാരാണുള്ളത്. നേരത്തെ ഉണ്ടായിരുന്ന അഡ്മിനിസ്ട്രേഷൻ എ.സി.പിയുടെ തസ്തിക അടുത്തിടെ അഡീഷണൽ എസ്.പിയാക്കി മാറ്റിയിരുന്നു.

 റൂറലിൽ ശാസ്താംകോട്ട സബ് ഡിവിഷൻ

കൊല്ലം റൂറൽ പൊലീസിൽ ശാസ്താംകോട്ട സബ് ഡിവിഷൻ ഉടൻ രൂപീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസബന്ധിച്ച് ഉത്തരവിറങ്ങാനാണ് സാദ്ധ്യത. കൊല്ലം റൂറലിൽ നിലവിൽ രണ്ട് സബ് ഡിവിഷനുകളാണുള്ളത്. കൊട്ടാരക്കരയും പുനലൂരും. പുനലൂർ സബ് ഡിവിഷന് കീഴിൽ പത്തും കൊട്ടാരക്കരയിൽ എട്ടും സ്റ്റേഷനുകളാണുള്ളത്. ശാസ്താംകോട്ട സബ് ഡിവിഷന് കീഴിൽ ശാസ്താംകോട്ട, ശൂരനാട്, ഈസ്റ്റ് കല്ലട, പുത്തൂർ, കുണ്ടറ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകൾ വരാനാണ് സാദ്ധ്യത. ഇതിന് പകരം പുനലൂർ സബ് ഡിവിഷന് കീഴിലുള്ള ഒന്നോ രണ്ടോ സ്റ്റേഷനുകളെ കൊട്ടാരക്കരയുടെ കീഴിലാക്കും. ശാസ്താംകോട്ടയിൽ പുതിയ കെട്ടിടം വാടകയ്ക്കെടുത്താകും ആദ്യം ഡിവൈ.എസ്.പി ഓഫീസ് പ്രവർത്തിക്കുക. പിന്നീട് സ്വന്തമായി സ്ഥലം കണ്ടെത്തി ആസ്ഥാനം നിർമ്മിക്കും.

 സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന

പൊലീസ് സബ് ഡിവിഷനുകൾ: 25