കൊല്ലം: നെടുവത്തൂർ വില്ലേജ് ഓഫീസ് സ്മാർട്ടാകും. ദുരിതാവസ്ഥയിൽ നിന്നും ശാപമോക്ഷമാകുന്നു. മൂന്നര പതിറ്റാണ്ടായി സ്ഥല പരിമിതികളുള്ള കെട്ടിടത്തിൽ വീർപ്പുമുട്ടുകയായിരുന്നു വില്ലേജ് ഓഫീസ്. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ വരാന്തയിലാണ് വിശ്രമിച്ചിരുന്നത്. ഫയലുകൾ സൂക്ഷിക്കാൻ ഇടമില്ല. ഉദ്യോഗസ്ഥർ രണ്ട് മുറികളിലായിരുന്നാണ് പരിമിത സൗകര്യങ്ങളിൽ ജോലി ചെയ്തുവന്നത്. രണ്ട് വർഷം മുൻപ് ചെറിയ തരത്തിൽ അറ്റകുറ്റപ്പണി നടത്തിയതൊഴിച്ചാൽ കാര്യമായ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നില്ല. പലതവണ നിവേദനങ്ങളിൽക്കൂടിയും മറ്റും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നെടുവത്തൂർ വില്ലേജ് ഓഫീസിന് വേണ്ടുന്ന പരിഗണന കിട്ടിയിരുന്നില്ല. ഇപ്പോൾ പി.ഐഷാപോറ്റി എം.എൽ.എ റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചപ്പോഴാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ തീരുമാനമായത്. ഇതിന് സർക്കാർ തലത്തിൽ അനുമതി ലഭിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും എം.എൽ.എ അറിയിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ കൊട്ടാരക്കര,വെളിയം വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിരുന്നു. കുളക്കടയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മൈലം,കലയപുരം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം ഉടൻ തുടങ്ങാനിരിക്കയാണ്.
മാറ്റം അടിമുടി
നിലവിലുള്ള കെട്ടിടം പൊളിച്ച് നീക്കിയ ശേഷം മനോഹരമായ ഒറ്റനില കെട്ടിടം നിർമ്മിക്കും. ഇതിൽ പൊതുജനങ്ങൾക്ക് വിശ്രമകേന്ദ്രം, കമ്പ്യൂട്ടർ വത്കൃത ഓഫീസ്, വില്ലേജ് ഓഫീസർക്ക് പ്രത്യേക മുറി, ഉദ്യോഗസ്ഥർക്ക് ക്യാബിൻ സംവിധാനം, ഫയലുകൾ സൂക്ഷിക്കുന്നതിനും ഭിന്നശേഷിക്കാർക്കും പ്രത്യേകസംവിധാനങ്ങൾ എന്നിവയുണ്ടാകും. ടൊയ്ലറ്റ്, കുടിവെള്ള സംവിധാനങ്ങളും പൂന്തോട്ടവുമടക്കം അനുബന്ധമായി ഒരുക്കും.