
 ഇന്നലെ 340 പേർക്ക്
 ചികിത്സയിലുള്ളവർ 2000 കടന്നു
കൊല്ലം: നഗരത്തിൽ ഇന്നലെ 340 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉച്ച വരെയുള്ള കണക്ക് പ്രകാരം നഗരപരിധിൽ 2,343 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പൊലീസ് ശക്തമായ നടപടി തുടങ്ങിയിട്ടും കൊവിഡ് നിയന്ത്രണവിധേയമാകാത്തത് ആശങ്ക പരത്തുന്നുണ്ട്. നഗരത്തിലെ കൊവിഡ് ബാധിതരിൽ ഏകദേശം 150 പേരൊഴികെ ബാക്കിയെല്ലാവരും വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് ചികിത്സയ്ക്ക് ഇടമില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി.
സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കി മാറ്റിയ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ 115 പേരും കൊല്ലം എസ്.എൻ ലാ കോളേജിൽ 163 പേരുമാണുള്ളത്. ഇതിൽ പകുതിയോളം പേർ നഗരത്തിന് പുറത്തുള്ളവരാണ്. ഫാത്തിമ കോളേജ്, യൂനുസ് കോളേജ് എന്നിവിടങ്ങളിൽ നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഇതുവരെ സജ്ജമായില്ല.
 ഭീതിയോടെ തീരദേശം
തീരദേശത്തും കോളനികളിലും കൊവിഡ് ബാധിതരുള്ള വീടുകൾ കടുത്ത പ്രതിസന്ധിയിലാണ്. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് മരുന്ന് എത്തിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
 23 പൊലീസുകാർക്ക്
കൊല്ലം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെ 23 പൊലീസുകാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 30 ഓളം പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം പത്ത് പൊലീസുകാർക്ക് കൊവിഡ് ബാധിച്ചു. ഷൈൻ കോംപ്ലക്സിൽ പത്ത് പൊലീസുകാർ നിരീക്ഷണത്തിലാണ്.
 ഇതുവരെ ബാധിച്ചത്: 4435
 നിലവിൽ ചികിത്സയിൽ: 2343
 രോഗമുക്തർ:2068
 മരണം: 24
 ഇന്നലെ കൂടുതൽ ഇവിടെ..
ശക്തികുളങ്ങര, മൂതാക്കര, മതിലിൽ, പള്ളിത്തോട്ടം, നീരാവിൽ, കുരീപ്പുഴ, തിരുമുല്ലവാരം, തങ്കശേരി, ഡിപ്പോ പുരയിടം, കാവനാട്, കടവൂർ, ഇരവിപുരം സാഗരതീരം സുനാമി ഫ്ലാറ്റ്, അയത്തിൽ ഗാന്ധി നഗർ