xl
കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷൻ ഓഫീസ്.

തഴവ: മഴ മാനത്ത് കണ്ടാൽ കറണ്ട്പോകും. പോയാൽ പിന്നെ ഉടനെയൊന്നും വരുമെന്ന് കരുതേണ്ട,​അതാണ് കെ.എസ്. ഇ.ബി മണപ്പള്ളി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള വീട്ടുകാരുടെയെല്ലാം അനുഭവം. സെക്ഷൻ പരിധിയിൽ കാലാനുസൃത നവീകരണങ്ങളില്ലാത്തതാണ് വൈദ്യുതി തടസം നേരിടുന്നതിന്റെ പ്രധാന കാരണം. വേനൽക്കാലത്ത് കണക്ഷൻ ലോഡ് കുടുന്നതും മഴക്കാലത്ത് ഷോർട്ട് സർക്യൂട്ട് കാരണവുമാണ് ഇവിടെ വൈദ്യുതി വിതരണം മുടങ്ങുന്നത്. ഇതോടെ ഈ മേഖലയിൽ ഏതു കാലവസ്ഥയിലും വൈദ്യുതി ലഭിക്കില്ലെന്ന അവസ്ഥയാണ്.

6 പഞ്ചായത്തുകളിൽ 20590 കണക്ഷനുകൾ
മണപ്പള്ളിയിലെ ഒരു ചെറിയ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി സബ് എൻജിനിയർ ഓഫീസ് 2006ലാണ് സെക്ഷൻ ഓഫീസാക്കി ഉയർത്തിയത്. എന്നാൽ സെക്ഷൻ ഓഫീസിന് ആവശ്യമായ യാതൊരു നവീകരണങ്ങളും നാളിതുവരെ ഉണ്ടായിട്ടില്ല. 36.5 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ ആറ് പഞ്ചായത്തുകളിൽ പ്രവർത്തന മേഖലയുള്ള ഈ ഓഫീസിന്റെ പരിധിയിൽ 20590 വൈദ്യുതി കണക്ഷനുകളാണുള്ളത്. എന്നാൽ ഇതിന് ആനുപാതികമായി ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനോ, വൈദ്യുതി വിതരണ സംവിധാനങ്ങൾ നവീകരിക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല.

കുറ്റിപ്പുറത്തുനിന്ന് വെദ്യുതിയെത്തിക്കാനായില്ല

വള്ളികുന്നം 33 കെ.വി സബ് സ്റ്റേഷനിൽ നിന്നുള്ള ഒരു ഫീസർ മാത്രമാണ് ഈ സെക്ഷൻ ഓഫീസിന് സ്വന്തമായുള്ളത്. നിലവിലുള്ള മണപ്പള്ളി ഫീഡറിന് പുറമേ കുറ്റിപ്പുറം ഫീഡറിൽ നിന്നും വൈദ്യുതി എത്തിക്കുവാൻ നീക്കം നടത്തിയെങ്കിലും പദ്ധതി പാതി വഴിയിൽ അവസാനിച്ച മട്ടാണ്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സമീപകാലത്ത് പൂർത്തിയാക്കിയ അരമത്ത് മഠം - കറ്റാനം തഴവ മുക്ക് റോഡിൽ കേബിൾ സ്ഥാപിക്കുവാൻ അധികൃതർ അനുവാദം നൽകാത്തതാണ് കുറ്റിപ്പുറം ഫീഡറിൽ നിന്നും വൈദ്യുതി എത്തിക്കുവാൻ തടസമായത്. ഈ ഫീഡറുകൂടി ലഭിച്ചാൽ നിലവിലുള്ളള പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാമെന്ന് ജീവനക്കാർ പറയുന്നു. ശൂരനാട് , തൊടിയൂർ എന്നിവടങ്ങളിലുള്ള രണ്ട് ഫീഡറുകളിൽ നിന്നും താത്ക്കാലികമായി വൈദ്യുതി എത്തിക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്.

ഗുണനിലവാരമില്ലാത്ത ഡിസ്കുകളും ഇൻസുലേറ്ററുകളും

11 കെ.വി ലൈനുകളിൽ സ്ഥാപിച്ചിട്ടുള്ള ഗുണനിലവാരമില്ലാത്ത ഡിസ്കുകളും ഇൻസുലേറ്ററുകളുമാണ് വൈദ്യുതി വിതരണത്തിൽ പ്രധാന വെല്ലുവിളിയാകുന്നത്. മഴക്കാലത്ത് ഡിസ്കിലും ഇൻസുലേറ്ററുകളിലും വെള്ളം കയറി മണിക്കൂറുകളോളമാണ് വൈദ്യുതി തടസമുണ്ടാകുന്നത്. ടച്ചിംഗുകൾ വെട്ടിമാറ്റാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

തുടർച്ചയായി വൈദ്യുതി തടസം നേരിടുന്നത് വലിയ വെല്ലുവിളിയാണ്. പരാതി പറഞ്ഞ് മടുത്തു. അടിയന്തര നടപടിയുണ്ടാകണം.

വി. രാജഗോപാൽ ,വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുൻ ജീവനക്കാരൻ

മഴക്കോള് കാണുന്നത് ഇപ്പോൾ ഭയമാണ്. മഴയ്ക്ക് മുൻപ് തന്നെ കരണ്ട് പോകും. നിരവധി തവണ പരാതി പറഞ്ഞെങ്കിലും നടപടിയുമില്ല.

പ്രദീപ് ,ശ്രീജയ, മുല്ലശ്ശേരി മുക്ക് സ്വദേശി .

ഒരു ദിവസം തന്നെ ഒന്നിലധികം തവണ കെ.എസ്. ഇ.ബിയിൽ വിളിക്കേണ്ട അവസ്ഥയാണ്. വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്.

രാജൻപൊതു പ്രവർത്തകൻ

കുതിരപ്പന്തി സ്വദേശി .