boat

 നിരോധനം ലംഘിച്ചതിനെ ചൊല്ലി ബോട്ടുടമകൾ ചേരിതിരിഞ്ഞ് തർക്കം

കൊല്ലം: ശക്തികുളങ്ങര ഹാർബർ തുറന്നാൽ ബോട്ടുടമകൾ തമ്മിൽ സംഘർഷമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ്, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ. ബോട്ടുടമകൾ തമ്മിലുള്ള തർക്കം പരിഹരിച്ച ശേഷം ഹാർബർ തുറന്നാൽ മതിയെന്നാണ് പൊലീസ് തലപ്പത്ത് നിന്നുള്ള നിർദ്ദേശം. നിരോധനം ലംഘിച്ച് വലിയ ബോട്ടുകൾ കടലിൽ മത്സ്യബന്ധനം തുടരുന്നതാണ് നിലവിലുള്ള തർക്കത്തിന്റെ കാരണം. തീരദേശത്ത് വ്യാപകമായി കൊവിഡ് പടർന്നുപിടിച്ചതോടെ ഈ മാസം ഒന്നിനാണ് ശക്തികുളങ്ങര ഹാർബർ അടച്ചത്. കടലിൽ പോയ ബോട്ടുകൾ മടങ്ങിയെത്താൻ 3ന് വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിരുന്നു. ഇന്നാൽ ഇതിന് വിരുദ്ധമായി 50 വലിയ ബോട്ടുകൾ തിരികെ വരാതെ കടലിൽ തന്നെ തുടർന്നു. വലിയ ബോട്ടുകളുടെ ഈ നിയമലംഘനത്തിനെതിരെയാണ് ചെറിയ ബോട്ടുടമകൾ സംഘടിച്ചത്. ഹാർബർ തുറക്കുമ്പോൾ നേരത്തേ കടലിൽ കിടക്കുന്ന ബോട്ടുകൾ അടുപ്പിച്ചാൽ തടയുമെന്നാണ് ചെറിയ ബോട്ടുടമകളുടെ നിലപാട്. നിരോധനം ലംഘിച്ച് മത്സ്യബന്ധനം തുടർന്ന ബോട്ടുകൾക്ക് കനത്ത പിഴ ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കടുപ്പിച്ച് ഇരുപക്ഷവും

നേരത്തേ ശക്തികുളങ്ങരയിൽ ബോട്ടുടമകളുടെ ഒറ്റ സംഘടനയേ ഉണ്ടായിരുന്നുള്ളൂ. അടുത്തിടെയാണ് ചെറിയ ബോട്ടുടമകൾ പുതിയ സംഘടനയുണ്ടാക്കിയത്. ചെറിയ ബോട്ടുകൾ മൂന്ന് ദിവസം വരെ മാത്രമേ കടലിൽ തുടർന്ന് മത്സ്യബന്ധനം നടത്തുകയുള്ളൂ. വലിയ ബോട്ടുകൾ 15 ദിവസം വരെ കടലിൽ തുടരും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം വേഗത്തിൽ പിൻവലിക്കുമെന്ന ധാരണയിലാണ് ഒരു വിഭാഗം ബോട്ടുകൾ കരയ്ക്ക് അടുക്കാതിരുന്നത്. തങ്ങൾ പട്ടിണി കിടക്കുമ്പോൾ വലിയ ബോട്ടുകൾ കടലിൽ തുടർന്ന് ലക്ഷങ്ങൾ കൊയ്യുന്നതാണ് ചെറിയ ബോട്ടുടമകളെ പ്രകോപിപ്പിച്ചത്.

42 ബോട്ടുകൾ ഇപ്പോഴും കടലിൽ

ശക്തികുളങ്ങരയിൽ നിന്നുള്ള 42 ബോട്ടുകൾ ഇപ്പോഴും കടലിൽ തന്നെ തുടരുകയാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. നേരത്തേ ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾ മറ്റ് ഹാർബറുകളിലും അടുക്കാറുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പുറപ്പെടുന്ന ഹാർബറുകളിൽ മാത്രമേ ബോട്ടുകളും വള്ളങ്ങളും അടുക്കാൻ പാടുള്ളൂവെന്ന് കർശന നിർദ്ദേശം നൽകി. എന്നിട്ടും ചില ബോട്ടുകൾ മറ്റ് ജില്ലകളിലെ ലേലക്കാരുടെ സഹായത്തോടെ രഹസ്യമായി അവിടങ്ങളിൽ അടുത്തിട്ടുണ്ട്. ഇതിനും കഴിയാത്ത ബോട്ടുകളാണ് ഇപ്പോഴും കടലിൽ തുടരുന്നത്. ഈ ബോട്ടുകൾ തമിഴ്നാട്ടിലെ ഹാർബറുകളിൽ അടുത്താൽ സ്ഥിതി ഗുരുതരമാകും. മത്സ്യത്തൊഴിലാളികൾ അവിടുത്തെ ഹാർബറുകളിൽ ഇറങ്ങിയാൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

കളക്ടറുടെ യോഗം

ഹാർബറിലെ സ്ഥിതി വിലയിരുത്താൻ ഇന്നലെ കളക്ടർ യോഗം വിളിച്ചിരുന്നു. ബോട്ടുടമകൾ തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ ഹാർബർ തുറക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ട് യോഗം അവസാനിപ്പിക്കുകയായിരുന്നു.

തങ്കശ്ശേരി ഹാർബർ താൽക്കാലികമായി തുറന്നു

കൊല്ലം: തങ്കശ്ശേരി അടക്കമുള്ള കൊല്ലം തീരത്തെ അഞ്ച് ഹാർബറുകൾ താത്കാലികമായി തുറന്നു. കർശന വ്യവസ്ഥകളോടെ ഈ മാസം 18 വരെ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവർത്തിക്കാൻ അനുമതി നൽകിയത്.തങ്കശ്ശേരി ഫിഷിംഗ്‌ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന എല്ലാ മത്സ്യബന്ധന യാനങ്ങളും മത്സ്യത്തൊഴിലാളികളും കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത ഒരു മത്സ്യബന്ധന ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കടലിൽ പോകാൻ അനുവദിക്കില്ല. ഇതിന്റെ പൂർണ ചുമതല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കാണ്.

അഞ്ച് ലേല ഹാളുകളും ഒരേപോലെ പ്രവർത്തിപ്പിച്ച് ലേലം പൂർണമായും ഒഴിവാക്കി ശാരീരിക അകലം ഉറപ്പുവരുത്തണം. ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണങ്ങൾ കർശനമായും പാലിച്ചു വേണം മത്സ്യബന്ധനവും വിപണനവും നടത്താൻ. ഹാർബറിലെയും അനുബന്ധ ലേല ഹാളുകളിലെയും കൊവിഡ് പ്രോട്ടോക്കോൾ പാലനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇൻസിഡന്റ് കമാൻഡർ കൂടിയായ കൊല്ലം എ.സി.പിക്ക് നിർദ്ദേശം നൽകി. 18ന് സ്ഥിതി വിലയിരുത്തിയ ശേഷം വീണ്ടും പ്രവർത്തനാനുമതി നൽകുന്നത് പരിഗണിക്കും. ആഴീക്കൽ ഹാർബർ തുറക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും പ്രദേശത്ത് കൊവിഡ് നിയന്ത്രണ വിധേയമാകാത്തതിനാൽ മാറ്റിവച്ചു.