kollam-town-bypass
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുണ്ടറ ടൗൺ ബൈപ്പാസ് റോഡ്

 കുണ്ടറ ടൗൺ ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

കുണ്ടറ: ഇളമ്പള്ളൂർ മുതൽ ആറുമുറിക്കട വരെയുള്ള കുണ്ടറയിലെ ഗതാഗതക്കുരുക്ക് അഴിഞ്ഞുതുടങ്ങി. നിർമ്മാണം പൂർത്തിയായ കുണ്ടറ ടൗൺ ബൈപ്പാസ് കെ.ഐ.പി - എം.എൽ.എ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം നിർവഹിക്കും.

എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ദേശീയപാതയിലെ ഇളമ്പള്ളൂർ - ആറുമുറിക്കട റോഡിന് സമാന്തരമായാണ് ഇളമ്പള്ളൂർ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിലൂടെ നാലുമീറ്റർ വീതിയിൽ റോഡ് പൂർത്തീകരിച്ചത്.
കുണ്ടറയിലെ ഗതാഗത പ്രശ്നം ചൂണ്ടിക്കാട്ടി 'സമാന്തര റോഡുകൾ പ്രയോജനപ്പെടുത്തുന്നില്ല; കുരുക്കിലായി കുണ്ടറ' എന്ന തലക്കെട്ടിൽ 2018ൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാർച്ചിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ചില സ്വകാര്യ വ്യക്തികൾ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തടസവാദവുമായി എത്തി. തുടർന്ന് കുറച്ചുനാൾ തടസപ്പെട്ട നിർമ്മാണം പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തെങ്കിലും കൊവിഡ് വ്യാപനം മൂലം ഉദ്ഘാടനം വൈകി.

കുണ്ടറ ജെ.വി കാസ്റ്റിലിൽ നടക്കുന്ന ചടങ്ങിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ മുഖ്യാതിഥിയായിരിക്കും.

സാറ്റ്‌ലൈറ്റ് ടൗൺഷിപ്പ് പ്രഖ്യാപനവും

റോഡിന്റെ ഉദ്ഘാടനത്തോടൊപ്പം കുണ്ടറ സാറ്റ്‌ലൈറ്റ് ടൗൺഷിപ്പ് പ്രഖ്യാപനവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഇന്ന് നിർവഹിക്കും. കെ.ഐ.പി കട്ട് ആൻഡ് കവർ 5.5 ഏക്കർ സ്ഥലം കെ.ഐ.ഐ.ഡി.സി മുഖേനയാണ് കുണ്ടറയുടെ സാറ്റലൈറ്റ് ടൗൺഷിപ്പായി വികസിപ്പിക്കുന്നത്.