photo
പുത്തൂരിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് ഉദ്ഘാടനം നടത്തിയ സായന്തനം വൃദ്ധസദനം കെട്ടിടം

1.5 കോടി രൂപ ഉപയോഗിച്ചാണ് 'സായന്തനം'

കൊല്ലം: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുത്തൂരിലെ സായന്തനം വൃദ്ധസദനത്തിൽ ആളനക്കമില്ല. തിര‌ഞ്ഞെടുപ്പിന് മുന്നോടിയായി തട്ടിക്കൂട്ടിയ ഉദ്ഘാടന നാടകമായിരുന്നെന്ന് ആക്ഷേപവുമുണ്ട്. സെപ്തംബർ ഏഴിനാണ് ജില്ലാ പഞ്ചായത്തിന്റെ സായന്തനം വൃദ്ധസദനം പുത്തൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ അധികൃതർ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് നേരിട്ട് ഇവിടുത്തെ പ്രവർത്തനം നടത്തുകയില്ലെന്നും ഗാന്ധിഭവനെയോ മറ്റോ ഏൽപ്പിക്കാനാണ് സാദ്ധ്യതയെന്നും അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും പിന്നീട് ആലോചന പോലും നടത്തിയില്ല. ഉദ്ഘാടനം കഴിഞ്ഞതോടെ തങ്ങളുടെ ജോലി പൂർത്തിയായെന്ന നിലപാടിലാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി. നിലവിലുള്ള ഭരണസമിതി കാലാവധി പൂർത്തിയാക്കി ഇറങ്ങിയാലും വൃദ്ധസദനത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിന് സാദ്ധ്യതയില്ല. ആ നിലയിൽ പിന്നെ എന്തിനാണ് തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയതെന്നാണ് പ്രതിപക്ഷ അംഗങ്ങൾ ചോദിക്കുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് 'സായന്തനം' എന്ന പേരിൽ വൃദ്ധസദനം ഒരുക്കിയത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പുത്തൂർ പഴയചിറയിലെ 65 സെന്റ് ഭൂമി ഇതിനായി വിട്ടുനൽകിയതാണ്.

ഗാന്ധിഭവനെ ഏൽപ്പിക്കാം

ജില്ലാ പഞ്ചായത്ത് കരീപ്രയിൽ ശരണാലയം എന്നപേരിൽ വൃദ്ധസദനം തുടങ്ങിയിട്ട് പിന്നീട് ഗാന്ധിഭവനെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുകയായിരുന്നു. നേരിട്ട് നടത്തിയപ്പോൾ ഏറെ പിന്നോക്കം പോയിരുന്ന ശരണാലയം ഇപ്പോൾ ഏറ്റവും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. പുത്തൂരിൽ തുടങ്ങിയ സായന്തനം വൃദ്ധസദനവും ഇതേ രീതിയിൽ ഗാന്ധിഭവന് കൈമാറിയാൽ മികച്ച പ്രവർത്തനം നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. കെട്ടിടം പൂർണതോതിലെത്തുമ്പോൾ നൂറുപേർക്ക് പ്രവേശിക്കാം. ഭക്ഷണം, വസ്ത്രം, മരുന്ന് മറ്റ് സൗകര്യങ്ങൾ എന്നിവയൊക്കെ നേരിട്ട് കണ്ടെത്തുക ജില്ലാ പഞ്ചായത്തിനും പ്രയാസകരമാകും. നഴ്സുമാരടക്കം ജീവനക്കാരും വേണ്ടിവരും.