vilage
ഇടമണിൽ നിർമ്മാണം പൂർത്തികരിക്കുന്ന ഹൈടെക് വില്ലേജ് ഓഫിസ് മന്ദിരം.

42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം

പുനലൂർ:കിഴക്കൻ മലയോര വാസികളുടെ ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ ഇടമണിലെ ഹൈടെക് വില്ലേജ് ഓഫിസ് മന്ദിരത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാകുന്നു. തെന്മല പഞ്ചായത്തിലെ ഇടമൺ സത്രം ജംഗ്ഷനിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹൈടെക് വില്ലേജ് ഓഫീസ് മന്ദിര നിർമ്മാണം പൂർത്തിയാകുന്നത്. മന്ത്രി കെ.രാജുവിന്റെ ശ്രമ ഫലമായി അനുവദിച്ച 42 ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരമായ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നത്.

ഉദ്ഘാടനം ഉടൻ

വില്ലേജ് ഓഫീസർ, ജീവനക്കാർ എന്നിവർക്ക് പ്രത്യേക മുറികളും, റിക്കാർഡ് റൂം, ഹാൾ, സിറ്റൗട്ട്, സന്ദർശന ഹാൾ, ശൗചാലയം, കാർ പോർച്ച്,ശുദ്ധജലം, പൂന്തോട്ടം, ചുറ്റു മതിൽ തുടങ്ങിയവയുമാണ് ഹൈടെക് വില്ലേജ് ഓഫീസ് മന്ദിരത്തിൽ സജ്ജമാക്കുന്നത്.ഇലട്രിക്കൽ ജോലികൾ ഒഴിച്ചുളള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയ വില്ലേജ് ഓഫീസ് കെട്ടിടം ഉടൻ നാടിന് സമർപ്പിക്കും.

അസൗകര്യങ്ങളിൽ നിന്ന് മോചനം

കാൽ നൂറ്റാണ്ട് മുമ്പ് കോൺക്രീറ്റിൽ പണിത വില്ലേജ് ഓഫിസ് കെട്ടിടം വിളളൽ വീണ് ചോർന്നൊലിക്കുകയായിരുന്നു.ഇത് കൂടാതെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്ന് വിഴുന്നത് കണക്കിലെടുത്ത് തടി ഉപയോഗിച്ച് മുട്ട് കൊടുത്ത് നിർത്തിയിരുന്നു.കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ജീവനക്കാർക്കൊപ്പം ഓഫിസിലെത്തുന്ന ഇടപാടുകാരും ജീവൻ പണയപ്പെടുത്തിയായിരുന്നു ഓരോദിവസവും തളളി നീക്കിയിരുന്നത്.പഴഞ്ചൻ കെട്ടിടത്തിന് ചുറ്റും കൊടും കാട് വളർന്ന് ഉയർന്നതോടെ ഓഫിസിനുളളിൽ മൂർഖൻ ഉൾപ്പെടെയുളള വിഷ പാമ്പുകൾ നിരവധി തവണ ഇഴഞ്ഞ് കയറിയിരുന്നു.

നാട്ടുകാരുടെ ആവശ്യം

ഇടമൺ അണ്ടൂർപച്ച മുതൽ ഓലപ്പാറ വരെയുളള 17കിലോ മീറ്റർ ദൂരത്ത് താമസിച്ചിരുന്ന 15,000ത്തോളം കുടുംബങ്ങളാണ് ഓഫീസിൽ കരം ഒടുക്കാനും , ഭൂമി പോക്കുവരവ് ചെയ്യാനും മറ്റും എത്തിക്കൊണ്ടിരുന്നത്.തെന്മല പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയ പ്രദേശത്തെ വില്ലേജ് ഓഫീസ് കെട്ടിടത്തിൻെറ ദയനീയ സ്ഥിതിക്കു പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു.ഒടുവിൽ വാർഡ് അംഗം ജെയിംസ് മാത്യുവിൻെറ നേതൃത്വത്തിൽ നാട്ടുകാർ മന്ത്രി കെ.രാജുവിനെ നേരിൽ കണ്ട് വിവരം ധരിപ്പിച്ചു.തുടർന്ന് മന്ത്രി കെ.രാജു, റവന്യൂ വകുപ്പ് മന്ത്രി ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ ഹൈടെക് വില്ലേജ് ഓഫീസ് മന്ദിരം പണിയാൻ 42 ലക്ഷം രൂപ അനുവദിച്ചത്.