 
പരവൂർ: തകർന്ന് തരിപ്പണമായ നെടുങ്ങോലം എം.എൽ.എ മുക്ക് - ഭൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ റോഡിന്റെയും പുന്നമുക്ക് - അമ്മാരത്ത്മുക്ക് റോഡിന്റെ കൂനംകുളം മുതൽ അമ്മാരത്ത്മുക്ക് വരെയുള്ള ഭാഗത്തിന്റെയും പണി ഉടൻ പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂനംകുളം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
ദിനംപ്രതി ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എം.എൽ.എ മുക്ക് - പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ റോഡ് തകർന്നിട്ട് മാസങ്ങളേറെയായി. രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വെള്ളം കെട്ടിയതോടെ ഇതുവഴിയുള്ള വാഹനയാത്രയും ദുരിതത്തിലായി. പുന്നമുക്ക് - അമ്മാരത്ത്മുക്ക് ജംഗ്ഷൻ റോഡിന്റെ പുന്നമുക്ക് മുതൽ കൂനംകുളം വരെയുള്ള ഭാഗം പൂർണമായും ടാറിംഗ് നടത്തിയിട്ടില്ല. ഒരുവശം മാത്രം ടാറിംഗ് നടത്തി കരാറുകാരൻ പണി നിറുത്തി പോയി. ഇതിനാൽ റോഡിന്റെ ഉയർന്നുനിൽക്കുന്ന മദ്ധ്യഭാഗത്ത് കയറുന്ന ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയാണ്.
യോഗത്തിൽ ആർ. രതീഷ്, നിശാന്ത്, അഭിലാഷ്, അഗ്രബലൂ, ശരത്ത് രവി, ബിജു, രാജീവ്, സതീശൻ, ശരത്ത്, അരുൺ ബോസ് തുടങ്ങിയവർ പങ്കെടുത്തു.