 
കുന്നത്തൂർ : പട്ടികജാതി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ ചക്കംകുഴി ബണ്ട് റോഡ് നവീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി. ശാസ്താംകോട്ട,കുന്നത്തൂർ, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാത.കടപുഴ - ഭരണിക്കാവ് പ്രധാന പാതയിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്ക് ചേലൂർ പുഞ്ചയ്ക്ക് സമാന്തരമായി ചേർന്ന പ്രദേശമാണ് ചക്കംകുഴി. പെരുവേലിക്കര,തുരുത്തിക്കര, കുന്നത്തൂർ തുടങ്ങിയ കിഴക്കൻ മേഖലകളിലേക്ക് പോകാനുള്ള എളുപ്പ മാർഗം കൂടിയാണിത്.പ്രദേശവാസികൾക്ക് ആശുപത്രിയിൽ പോകണമെങ്കിൽ രോഗികളെ തലച്ചുമടായി എടുത്ത് കിലോമീറ്ററുകൾ നടന്നു വേണം വാഹനമെത്തുന്ന ഭാഗത്തെത്തിക്കാൻ. ഇതിനാൽ കർഷകരും കൂലിപണിക്കാരുമായ പ്രദേശവാസികളും ഏറെ വലയുകയാണ്.
അനുമതി നൽകിയില്ല
നാട്ടുകാരുടെ ദുരിത ജീവിതത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തംഗം എം.വി . താരാഭായിയുടെ സമ്മർദ്ദത്തെ തുടർന്ന് 5 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. നവീകരണത്തിനു മുമ്പായി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും അനുമതി നൽകാൻ തയ്യാറായില്ല.ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിന് ആവശ്യമായ വീതിയില്ലെന്നകാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്.എന്നാൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ ആറു മീറ്റർ വീതി കൃത്യമായി ഉണ്ടെന്ന് നാട്ടുകാരും ബ്ലോക്ക് പഞ്ചായത്തംഗവും ചേർന്ന് അളന്ന് തെളിയിച്ചിട്ടും ഉദ്യോഗസ്ഥർ കടുംപിടുത്തം തുടരുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു.നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി,അംഗങ്ങളായ ശിവൻ പിള്ള,കാരയ്ക്കാട്ട് അനിൽ, ആർ.രാജീവ്,മുബീന തുടങ്ങിയർ സ്ഥലം സന്ദർശിക്കുകയും മാനദണ്ഡമനുസരിച്ചുള്ള വീതി റോഡിനുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇനി റോഡ് നവീകരണം നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.