eezhava-palam
പുളിയത്ത് മുക്ക് - കല്ലുംതാഴം റോഡിലെ ഈഴവപ്പാലം

 പുളിയത്ത് മുക്ക്- കല്ലുന്താഴം റോഡിൽ യാത്ര അസാധ്യം

കൊല്ലം: പാതിവഴിയിൽ നിർമ്മാണം മുടങ്ങിയ പുളിയത്ത് മുക്ക് - കല്ലുംതാഴം റോഡ് യാത്രക്കാരുടെ നടുവും കാലുമൊടിക്കാൻ തുടങ്ങിയിട്ട് എട്ട് മാസം പിന്നിടുന്നു. റോഡിലെ കുണ്ടിലും കുഴിയിലും വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കാറുകൾ പഞ്ചറാകുന്നതും പതിവായിരിക്കുകയാണ്.

കിളികൊല്ലൂർ തോടിന് കുറുകെയുള്ള ഈഴവപ്പാലം പുനർനിർമ്മിക്കാനും പുളിയത്ത് മുക്ക്- കല്ലുംതാഴം റോഡ് വീതി കൂട്ടി വികസിപ്പിക്കാനും ഒന്നരവർഷം മുമ്പാണ് കരാറായത്. കാസർകോഡ് സ്വദേശിയാണ് കരാറെടുത്തത്. ഈഴവപ്പാലത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായെങ്കിലും റോഡിന്റെ വീതി കൂട്ടാനായി മണ്ണെടുത്ത് മെറ്റൽ പാകിയ ശേഷം കരാറുകാരൻ മുങ്ങി. ഇപ്പോൾ മഴ പെയ്യുമ്പോൾ റോഡിലാകെ വെള്ളക്കെട്ടാകും. ഈ കുഴികളിൽ വീണ് നിരവധി ബൈക്ക് യാത്രികർക്ക് ഇതിനോടകം പരിക്കേറ്റു.

നിർമ്മാണ ചുമതലയുള്ള പൊതുമരാമത്ത് ഓഫീസിൽ നാട്ടുകാർ പലതവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. നവീകരണം വേഗത്തിലാക്കാൻ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കുഴികൾ നികത്താൻ പാലത്തിന് സമീപം രണ്ടിടത്തായി ക്വാറി വേസ്റ്റ് എത്തിച്ചിരുന്നു. നേരത്തെയും പലിയിടങ്ങളിലും മെറ്റൽ നിക്ഷേപിച്ചെങ്കിലും പിന്നീട് ഒരനക്കവും ഉണ്ടായിട്ടില്ല.

 യാത്ര മുടങ്ങി നാട്ടുകാർ

പ്രദേശവാസികൾക്ക് പുറമേ ദൂരെ സ്ഥലങ്ങളിലുള്ളവർ പോലും ആശ്രയിച്ചിരുന്ന റോഡാണിത്. അയത്തിൽ ജംഗ്ഷനിലെ കുരുക്കിൽപ്പെടാതെ വേഗത്തിൽ കല്ലുംതാഴം ജംഗ്ഷനിലെത്താനായി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. കുണ്ടിലും കുഴിയിലും വീണ് നടുവേദന പതിവായതോടെ ഇതുവഴിയുള്ള യാത്ര പലരും ഉപേക്ഷിച്ചു. പക്ഷെ നാട്ടുകാർ വേറെ വഴിയില്ലാതെ വിഷമിക്കുകയാണ്.

 ''കരാറുകാരന് ടെർമ്മിനേഷൻ നോട്ടീസ് നൽകിയിരുന്നു. പക്ഷെ ഉടൻ പൂർത്തിയാക്കാമെന്ന് പറഞ്ഞ് വീണ്ടും എത്തിയിരിക്കുകയാണ്. ശേഷമുള്ള സ്ഥിതി പരിശോധിച്ച് വരികയാണ്''

പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ