 
പുനലൂർ:പുനലൂർ താലൂക്കിൽ കൊവിഡ് വൈറസ് വ്യാപകമായെങ്കിലും രോഗികളെ കിടത്തി ചികിത്സിപ്പിക്കാൻ വേണ്ടി തുറന്ന ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ നോക്കുകുത്തിയായി മാറുന്നതിൽ പ്രതിഷേധം ഉയരുന്നു.പുനലൂർ നഗരസഭക്ക് പുറമെ സമീപത്തെ കരവാളൂർ, അഞ്ചൽ, ഏരൂർ, ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ, അലയമൺ, തെന്മല, ആര്യങ്കാവ് തുടങ്ങിയ പഞ്ചായത്തുകളിലാണ് കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ തുറന്നത്.എന്നാൽ രോഗം സ്ഥിരിക്കരിച്ചവറിൽ ഏറെയും സ്വന്തം വീടുകളിൽ ചികിത്സയിൽ കഴിയേണ്ട അവസ്ഥയാണ് .രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവരെ പാർപ്പിക്കാൻ വേണ്ടി കല്യാണ ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ, ലോഡ്ജ്കൾ, പഴയ ആശുപത്രികൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പഞ്ചായത്ത് ,മുനിസിപ്പൽ, റവന്യൂ അധികൃതരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റെടുത്തത്.ഇതിൽ ഭൂരി ഭാഗം കേന്ദ്രങ്ങളിലും രോഗികളെ കിടത്തി ചികിത്സിപ്പിക്കാനുളള എല്ലാ സൗകര്യങ്ങളും സജ്ഞമാക്കിയെങ്കിലും രോഗം സ്ഥിരീകരിച്ചവരെ ഗൃഹ ചികിത്സയിലേക്ക് അയക്കുകയാണ് പതിവ്. ഇതിൽ പ്രായമായവരെയും കുട്ടികളെയും മാത്രമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉൾപ്പെടെയുളള ആശുപത്രികളിലേക്ക് മാറ്റുന്നത്. ചികിത്സ കേന്ദ്രങ്ങൾ അധികൃതർ ഏറ്റെടുത്തിട്ടു രണ്ട് മാസം പിന്നിട്ടു. താലൂക്കിൽ ഇപ്പോൾ രോഗ ബാധിതർ നാലിരട്ടിയായി വാർദ്ധിച്ചു. എന്നാൽ താലൂക്കിലെ ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.
താലൂക്കിലെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ആരോഗ്യ വകുപ്പ് ജീവനക്കാരില്ലാത്തതാണ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത്.ഒരു ചികിത്സ കേന്ദ്രത്തിൽ 3 ഡോക്ടർമാർ,നഴ്സുമാർ, അറ്റൻറർ ഉൾപ്പെടെ 24 ആരോഗ്യപ്രവർത്തകരുടെ സേവനം വേണം. ജില്ലയിൽ ആകെ 400ഓളം ഡോക്ടർമാർ മാത്രമാണുളളത്.ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ഇപ്പോൾ ഹോമിയോ ഡോക്ടർമാർക്ക്, പുറമെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനവും ആവശ്യപ്പെട്ടിരിക്കുകയാണ്.
ബി.ശശികുമാർ,
പുനലൂർ ആർ.ഡി.ഒ