
കൊല്ലം: തിരഞ്ഞെടുപ്പ് കാലത്ത് അരിയും ടെലിവിഷനും സൈക്കിളുമൊക്കെ വിതരണം ചെയ്‌ത് വോട്ടർമാരെ സോപ്പിടുന്ന സ്ഥാനാർത്ഥികളും പാർട്ടികളും അങ്ങ് തമിഴ്നാട്ടിലുണ്ടെന്ന് പൊതുവേയൊരു സംസാരമുണ്ട്. പക്ഷേ ഇങ്ങ് കേരളത്തിലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയവും വികസനവും പറഞ്ഞേ വോട്ടർമാരെ സമീപിക്കാനാകൂ. ഒളിഞ്ഞും തെളിഞ്ഞും ജാതിയും സമുദായവും പറഞ്ഞ് വോട്ടുറപ്പിക്കാൻ മത്സരാർത്ഥികളിൽ ചിലർ ശ്രമിക്കാറുണ്ട്. അതിനപ്പുറത്തേക്ക് സമ്മാനങ്ങളുമായി വീട് കയറുന്ന പതിവ് കേരളത്തിലില്ല. പക്ഷേ കൊവിഡ് കാലം ഇത്തരം വീഴ്‌വഴക്കങ്ങളെ മറികടക്കാൻ സ്ഥാനാർത്ഥി മോഹികൾക്ക് ഒരവസരമായി. ലോക്ക് ഡൗണിന്റെ ആദ്യ കാലങ്ങളിൽ ദുരിതത്തിലായ സാധാരണക്കാരെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ നാടൊന്നാകെ രംഗത്തിറങ്ങി. എന്നാൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളാകുമെന്ന് ഉറപ്പിച്ചവർ കാൽസ്യം ഗുളിക, മുട്ട, പാൽ, പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് എന്നിവയൊക്കെ വാങ്ങി വീടുവീടാന്തരം കയറിയിറങ്ങുകയാണ്. വേണ്ടെന്ന് പറഞ്ഞാലും ഇവിടെ ഇരിക്കട്ടെ എന്ന നിലപാടിലാണ് ഇക്കൂട്ടർ. മുട്ടയും പാലുമൊക്കെ വോട്ടാകുമോയെന്ന് കാത്തിരുന്ന് കാണണം.