 
 യാത്രക്കാർക്ക് പരിക്കില്ല, കാർ പൂർണമായും തകർന്നു
കൊല്ലം: ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തിയ കാർ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിന് മുന്നിൽ നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ കാർ ഏതാണ്ട് പൂർണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പോളയത്തോട് ഭാഗത്ത് നിന്ന് ചിന്നക്കടയിലേക്ക് വന്ന കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിനെയും ഓട്ടോയെയും മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയത്. റോഡിന് മദ്ധ്യത്തിലെ ഡിവൈഡറിൽ ഉരസിയ കാർ വെട്ടിതിരിക്കുന്നതിനിടെ ഇടത് ഭാഗത്തെ കൈവരിയിൽ ഇടിച്ച് പൊങ്ങി. റോഡിൽ നിന്ന് തെറിച്ചുപോയ കാർ നെഹ്റു പാർക്കിന് മുന്നിലെ നടപ്പാതയിലാണ് വന്നുവീണത്.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറങ്ങാൻ സഹായിച്ചത്. കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ നാലുപേരും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടു.
കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ റിക്കവറി വാഹനം ഉപയോഗിച്ച് കാർ സ്ഥലത്ത് നിന്ന് നീക്കി.