
കിഴക്കേ ഇറ്റലിയിലുള്ള കൊളൊബോറോ എന്ന ഗ്രാമം യൂറോപ്പിലെ ഏറ്റവും ശപിക്കപ്പെട്ട ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. അവിടെ പകലുപോലും മന്ത്രവാദിനികൾ പറന്നു നടക്കുന്നു എന്നാണ് വിശ്വാസം. പലർക്കും ഈ ഗ്രാമത്തിന്റെ പേരു പറയാൻ പോലും പേടിയാണ്. അവരുടെ സംസാരങ്ങളിലും സാഹിത്യത്തിലുമെല്ലാം കൊളൊബോറോയെ “ആ ഗ്രാമം” എന്നാണ് പരാമർശിക്കുന്നത്. ഇനി ആരെങ്കിലും ആ പേര് പറഞ്ഞുകേട്ടാൽ അവർ ഉടൻതന്നെ മരത്തടിയിൽ തൊടും. ആ പേര് കൊണ്ടുവരാവുന്ന ദൗർഭാഗ്യങ്ങളെ അകറ്റാനാണത്രേ ഇങ്ങനെ ചെയ്യുന്നത്.
കൊളൊബോറോയിലൂടെ ആരെങ്കിലും അമിത വേഗത്തിൽ വാഹനം ഓടിച്ചുകൊണ്ടുപോയാൽ പൊലീസ് തടയില്ല. കാരണം തടഞ്ഞുനിറുത്തി പിഴയിട്ടാൽ അവർ ശപിച്ചാലോ എന്ന് പേടിച്ചിട്ടാണിത്. ഈ ഗ്രാമത്തിന്റെ ശാപ കഥയ്ക്ക് ഒരുപാട് പഴക്കമുണ്ട്. കൊളൊബോറോ എന്ന പേര് കോൾബെർ എന്ന ലാറ്റിൻ വാക്കിൽനിന്നാണ് ഉണ്ടായത്. സർപ്പം എന്നാണ് ഈ വാക്കിന്റെ അർഥം. ഇറ്റാലിയൻ സംസ്കാരമനുസരിച്ച് സർപ്പം ഒരു അപസൂചകമാണ്.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിയാജിയോ വിർജിലിയോ എന്നൊരു അഭിഭാഷകൻ ഈ ഗ്രാമത്തിൽ ജീവിച്ചിരുന്നു. ഇദ്ദേഹം എതു കേസ് വാദിച്ചാലും വിജയിക്കുമായിരുന്നത്രേ. ഒരു ദിവസം കോടതിയിൽ വാദം കേൾക്കുന്നതിനിടയിൽ അഭിഭാഷകൻ കള്ളം പറയുകയാണെന്ന് ജഡ്ജി പറഞ്ഞു. താൻ കള്ളം പറയുകയാണെങ്കിൽ കോടതി മുറിയുടെ മുകളിൽ തൂക്കിയിട്ടിരിക്കുന്ന വിളക്ക് പൊട്ടി താഴെ വീഴട്ടെയെന്ന് ബിയാജിയോയും പറഞ്ഞു. ഉടൻതന്നെ ആ വിളക്ക് പൊട്ടി ബിയാജിയോയുടെ തലയിൽ വീഴുകയും അദ്ദേഹം മരിക്കുകയും ചെയ്തു. അതിനുശേഷം ഈ ഗ്രാമത്തിലുള്ള ആരെങ്കിലും മറ്റുള്ളവരെ ശപിച്ചാൽ അതുപോലെ നടക്കുമെന്നാണ് വിശ്വാസം.
കൊളൊബോറോ എന്ന നദിയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മൺകട്ടകൾകൊണ്ട് നിർമ്മിച്ച ഭവനങ്ങളും കോട്ടകളുമൊക്കെ ഇവിടത്തെ സവിശേഷതകളാണ്. നദിയുടെ നിരപ്പിൽനിന്ന് മുകളിലേക്ക് കയറുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടകൾ കാണാം. ഇടയ്ക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിൽ കാരണം ഇവ പലതും നശിച്ചിരിക്കുന്നു. യാതൊരു കാരണവുമില്ലാതെ ഇടയ്ക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലുകളും ഗ്രാമത്തിന്റെ ശാപകഥയുടെ തുടർച്ചയാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 13,000 ആളുകൾ താമസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു കൊളൊബോറോ. അഞ്ചു പള്ളികളും ആറു കന്യാസ്ത്രീ മഠങ്ങളുമൊക്കെ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ വെറും 1500 ൽ താഴെമാത്രം ആളുകളാണ് താമസിക്കുന്നത്. ഈ ഗ്രാമത്തിൽ മൂന്നു ഹൃദയങ്ങളുമായി കുട്ടികൾ ജനിക്കാറുണ്ടത്രേ. മറ്റു ഗ്രാമങ്ങളിൽനിന്ന് ഇവിടെ എത്തുന്നവർക്ക് പലതരത്തിലുള്ള അപകടങ്ങളും സംഭവിക്കാറുണ്ട്. എന്നാൽ, ഇത്തരം അപകടങ്ങൾ നിർഭാഗ്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് മാത്രമെ സംഭവിക്കാറുള്ളു എന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇവിടത്തെ ചെറിയ സംഭവങ്ങൾപോലും പുറത്തുനിന്നുള്ളവർ പൊലിപ്പിച്ചു കാട്ടുന്നതായും ഗ്രാമവാസികൾ പറയുന്നു.
തങ്ങളുടെ ഗ്രാമത്തിനുണ്ടായ ഈ ചീത്തപ്പേര് ഈ ഗ്രാമവാസികൾ ആഘോഷമാക്കാറുണ്ട്. എല്ലാവർഷവും ഓഗസ്റ്റ് മാസത്തിൽ ഇവിടെ ഒരു കാർണിവൽ നടക്കും. കാർണിവലിൽ എത്തുന്നവരെല്ലാം മന്ത്രവാദികളുടെയും പ്രേതങ്ങളുടെയുമൊക്കെ വസ്ത്രം ധരിച്ചാണ് എത്തുക. രാത്രിമുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ അയൽഗ്രാമങ്ങളിൽ നിന്നൊക്കെ ആളുകൾ എത്താറുണ്ട്.