pic

തിരുവനന്തപുരം : ആറ്റിങ്ങലിൽ രണ്ട് ദിവസം മുമ്പ് പിക്കപ്പ് വാഹനങ്ങളിൽ കടത്തിക്കൊണ്ടുവന്ന നൂറ് കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷും പിടികൂടിയ സംഭവത്തിൽ അന്വേഷണം ആന്ധ്രയിലേക്ക് . ആന്ധ്രയിൽ നിന്ന് നഗരൂർ സ്വദേശിയുടെ ലോറിയിൽ കോയമ്പത്തൂരിലെത്തിച്ച കഞ്ചാവും ഹാഷിഷും അവിടെ നിന്നാണ് പിക്കപ്പിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിക്കുന്നത്. കേസിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായ നഗരൂർ സ്വദേശികളായ റിയാസ്,ജസീം,​തൃശൂർ പാവറട്ടി സ്വദേശി ഫൈസൽ,​ കോന്നി സ്വദേശി നിയാസ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കടത്തിന്റെ രീതികളും പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെപ്പറ്റിയുള്ള വിവരവും ലഭിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ നിന്ന് കേസിന്റെ അന്വേഷണം ഇന്ന് പുതിയ സംഘം ഏറ്റെടുക്കും. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങുമെന്നാണ് കരുതുന്നത്. പുതിയ അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം കോയമ്പത്തൂരിലേക്കും ആന്ധ്രയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. നഗരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയിൽ കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കോഴികളെ കൊണ്ട് വരുന്നെന്ന വ്യാജേന ദേശീയ പാതയിലൂടെ ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ 4 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ആറ്റിങ്ങൽ നഗരൂർ പാതയിൽ വെള്ളംകൊള്ളിയിൽ വച്ചായിരുന്നു ലഹരിവസ്തുക്കളുമായെത്തിയ നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ലഹരി കടത്തിക്കൊണ്ടു വന്ന എയ്സ്, ബൊലേറോ പിക്കപ്പ് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. എക്‌സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം രൂപീകരിച്ച സ്‌ക്വാഡ്‌ന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞമാസം നാഷണൽ പെർമ്മിറ്ര് ലോറിയിൽ കടത്തികൊണ്ടുവന്ന അഞ്ഞൂറ് കിലോ കഞ്ചാവ് ആറ്റിങ്ങലിൽ പിടിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം മുന്നേറുന്നതിനിടെയാണ് ആറ്റിങ്ങലിൽ വീണ്ടും വൻ കഞ്ചാവ് വേട്ടയുണ്ടായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണ കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ടി. ആർ. മഹേഷ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ് മധുസൂദനൻ നായർ പ്രിവൻറ്റീവ് ഓഫീസർമാരായ ഹരികുമാർ , അനിൽകുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, രാജേഷ്, ഷംനാദ് ,സുധീഷ്,ശ്രീലാൽ,ജിതീഷ്,രതീഷ് മോഹൻ,അഭിജിത്ത്, ഡ്രൈവർ സുനിൽകുമാർ എന്നിവരും എക്സൈസ് സംഘത്തിലുൾപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്.