 
കരുനാഗപ്പള്ളി: ശക്തമായ കടലാക്രമണത്തിൽ തകരുന്ന സമുദ്രതീരം സംരക്ഷിക്കാൻ മണൽ നിറച്ച ജിയോ ബാഗുകൾ നിരത്തുന്ന പണി ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാറയുടെ ലഭ്യത കുറവായതിനാലാണ് മണൽ നിറച്ച ജിയോ ബാഗുകൾ ഉപയോഗപ്പെടുത്താൻ ജലസേചന വകുപ്പ് തീരുമാനിച്ചത്. ആലപ്പാട്ട് പഞ്ചായത്തിലെ 11 കേന്ദ്രങ്ങളിലാണ് ജിയോ ബാഗുകൾ നിരത്തുന്നത്. അഴീക്കൽ ഭദ്രൻ മുക്ക് മുതൽ തെക്കോട്ട് പണിക്കർകടവ് വരെ 10 കിലോമീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ജിയോ ബാഗുകളിൽ 40 സെന്റീമീറ്റർ ഘനത്തിലാണ് മണ്ണ് നിറയ്ക്കുന്നത്. നിലവിലുള്ള സമദ്രതീര സംരക്ഷണ ഭിത്തിയും മണ്ണ് നിറച്ച ജിയോ ബാഗുകളും തമ്മിൽ യാതൊരു ബന്ധവുമില്ല. നിലവിലുള്ള കരിങ്കൽ ഭിത്തിക്ക് പിന്നിലായി ഒരു മീറ്റർ അകലെ മാറ്റിയാണ് മണൽ നിറച്ച ബാഗുകൾ സ്ഥാപിക്കുന്നത്. പലരാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്.
സമുദ്ര തീരം സംരക്ഷിക്കപ്പെടും
പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിൽ നിലവിലുള്ള കരിങ്കൽ ഭിത്തിയിൽ നിന്ന് ഒരു മീറ്റർ പിന്നിലേക്ക് മാറ്റി ഒരു മീറ്റർ ആഴത്തിലും 4 മീറ്റർ വീതിയിലും തറ നിരപ്പാക്കും. ഇവിടെയുള്ള പാറകൾ പൂർണമായും നീക്കം ചെയ്ത് തറ വെടിപ്പാക്കിയ ശേഷമാണ് ജിയോബാഗുകൾ നിരത്തുന്നത്. കടലിൽ നിന്ന് ശക്തമായി അടിച്ചുകയറുന്ന തിരമാലകൾ നിലവിലുള്ള കടൽ ഭിത്തികളിൽ തട്ടി ശക്തി കുറഞ്ഞായിരിക്കും ജിയോ ബാഗുകൾ കടന്ന് കരയ്ക്കെത്തുന്നത്. വെള്ളം കരയിൽ നിന്ന് തിരികെ കടലിലേക്ക് ഒഴുകുമ്പോൾ തിരകൾ കൊണ്ട് വന്ന മണൽ ജിയോ ബാഗിന് മുകളിൽ നിക്ഷേപിക്കപ്പെടും. ഇതിന്റെ ഫലമായി കരയിൽ മണ്ണിന്റെ കനത്ത നിക്ഷേപം ഉണ്ടാവുകയും സമുദ്ര തീരം പൂർണമായും സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഉദ്ഘാടനം
പദ്ധതിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ ചെറിയഴീക്കൽ തുറയിൽ നിർവഹിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ, അസിസ്റ്റന്റ് എൻജിനിയർ സുധീർ, കരയോഗം പ്രലസിഡന്റ് ലാലു, സെക്രട്ടറി രതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.