
 മക്കൾക്ക് സ്വകാര്യ ട്യൂഷൻ തേടി നെട്ടോട്ടം
കൊല്ലം: കൊവിഡ് വ്യാപന കാലത്തെ ഓൺലൈൻ ക്ലാസുകളുടെ ആശങ്ക പൂർണമായും രക്ഷിതാക്കൾക്കാണ്. പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളിൽ മിക്കവരും മക്കൾക്ക് സ്വകാര്യ ട്യൂഷനുകൾ നൽകി പാഠഭാഗങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ്.
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ വിക്ടേഴ്സ് ചാനലിലെ ക്ലാസിനെ പിന്തുടർന്നാൽ മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. എന്നാൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ് വിവിധ ബോധന നിലവാരമുള്ള കുട്ടികൾക്ക് ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് രക്ഷകർത്താക്കളുടെയും ഒരു വിഭാഗം അദ്ധ്യാപകരുടെയും പരാതി.
ഇതോടെ പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികൾക്കായി മിക്ക സ്കൂളുകളിലും അദ്ധ്യാപകർ പ്രത്യേകം ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ക്ലാസ് പി.ടി.എ യോഗങ്ങളിൽ കുട്ടികളുടെ മികവ് വിലയിരുത്താൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മാതൃകയിൽ പരീക്ഷ നടത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ നിർദേശങ്ങളും ബാലാവകാശ കമ്മിഷന്റെ ഉത്തരവുകളും നില നിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ കഴിയില്ലെന്ന നിസഹായതയാണ് അദ്ധ്യാപകർ പ്രകടിപ്പിച്ചത്. എന്നാൽ ക്ലാസ് പരീക്ഷകളുടെ മാതൃകയിൽ പരീക്ഷ നടത്തി ബോധന നിലവാരം വിലയിരുത്തുന്ന അദ്ധ്യാപകരുമുണ്ട്.
 നിയന്ത്രണം മറികടന്നാൽ ലൈസൻസ് റദ്ദാക്കും
കൊവിഡ് നിയന്ത്രണം മറികടന്ന് പ്രവർത്തിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് പഞ്ചായത്ത് ഡയറക്ടർ ഉത്തരവ് നൽകി. സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഇത്തരം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പ് വരുത്തണമെന്നും പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ. ജയശ്രീ നൽകിയ ഉത്തരവിൽ പറയുന്നു.
 ഒഴിവാക്കാനാകാതെ സ്വകാര്യ ട്യൂഷനുകൾ
1. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ കഴിഞ്ഞ വർഷത്തെ മാതൃകയിൽ പരീക്ഷ ഒഴിവാക്കി കുട്ടികളെ വിജയിപ്പിച്ചാലും പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പരീക്ഷ നടത്താതെ കഴിയില്ല
2. കുട്ടികളുടെ ആദ്യത്തെ പൊതു പരീക്ഷയാണ് എസ്.എസ്.എൽ.സി. പ്ലസ് വൺ, പ്ലസ് ടു മാർക്കുകൾ എൻജിനീയറിംഗ് - മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് അടക്കം ബാധകമാണ്
3. പരീക്ഷകളിൽ കുട്ടികൾ പിന്നിലാകാതെ നോക്കാൻ സ്വകാര്യ ട്യൂഷനുകളെ ആശ്രയിക്കുകയാണ് രക്ഷിതാക്കൾ
4. ട്യൂഷൻ സെന്ററുകൾ ഓൺലൈനായി ക്ലാസുകൾ നടത്തുന്നതിന് പുറമെ സ്വകാര്യ ട്യൂഷനുകളെയും പ്രത്യക വിഷയങ്ങൾക്കായി ആശ്രയിക്കുന്നുണ്ട്
5. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾക്ക് നേരിട്ട് ക്ലാസ് നൽകാനും വിവിധ സ്ഥാപനങ്ങൾ ശ്രമിക്കുന്നുണ്ട്
''
കോളേജുകളിലെയും സ്‌കൂളുകളിലെയും കുട്ടികളിൽ ഒരു വിഭാഗം ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണ്. പലരും ഗൗരവ സ്വഭാവത്തോടെ ക്ലാസുകളെ പരിഗണിക്കുന്നില്ല.
അദ്ധ്യാപകർ