thengu

കൊല്ലം: തെങ്ങ് ചതിക്കില്ല, തേങ്ങാ ചതിക്കില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. തേങ്ങായിടാൻ കയറണമെങ്കിൽ തെങ്ങൊന്നിന് 100 രൂപ നൽകണം. തേങ്ങയുടെ ലഭ്യത കുറഞ്ഞതും തെങ്ങിൽ കയറാൻ ആളില്ലാത്തതും ഉയർന്ന കൂലിയും കൊവിഡ് ദുരിതങ്ങൾക്കിടയിൽ കേരകർഷകർക്ക് ഇരുട്ടടിയായി.

തേങ്ങയും പണിയും കുറഞ്ഞതോടെ തെങ്ങ് കയറ്റക്കാർ പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞതാണ് കർഷകരെ കഷ്ടത്തിലാക്കിയത്. ലോക് ഡൗണിന് ശേഷം നാളിതുവരെ തേങ്ങയ്ക്ക് കാര്യമായ വിലതകർച്ചയുണ്ടായില്ലെങ്കിലും ഉത്പാദനക്കുറവാണ് കർഷകരെ വിഷമിപ്പിക്കുന്നത്.

തേങ്ങ കുറവായതിനാൽ കൂടുതൽ തെങ്ങുള്ളവർ പോലും തെങ്ങ് കയറ്റക്കാരെ വിളിച്ചുവരുത്തി തേങ്ങയിടാൻ തയ്യാറാകാത്ത സ്ഥിതിയാണ്. പരമ്പരാഗത തെങ്ങ് കയറ്റക്കാർ കളം വിട്ടതോടെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന പേരിൽ കൃഷി വകുപ്പ് പരിശീലനം നൽകിയ തെങ്ങ് കയറ്റക്കാരും അന്യസംസ്ഥാന തൊഴിലാളികളുമായിരുന്നു ആശ്രയം.

ഒരു തെങ്ങിൽ കയറുന്നതിന് മുപ്പത് രൂപയാണ് ഇവർക്ക് കൂലിയായി നൽകിയിരുന്നത്. ലോക്ക്ഡൗണിൽ അന്യസംസ്ഥാനക്കാരായ തെങ്ങ് കയറ്റക്കാരിൽ ഭൂരിഭാഗവും സ്വന്തം നാടുകളിലേക്ക് മടങ്ങി. ചങ്ങാതിക്കൂട്ടമുൾപ്പെടെ യന്ത്രം ഉപയോഗിച്ച് തെങ്ങ് കയറുന്നവർ ഉണ്ടെങ്കിലും തെങ്ങിൽ തേങ്ങ കുറവായതിനാൽ ആരും വിളിക്കാതായതോടെ അവരും പണി നിറുത്തി മറ്റ് ജോലികൾക്ക് പോയിത്തുടങ്ങി.

 തെങ്ങോളം ഉയരത്തിൽ പ്രതിസന്ധി

1. വീട്ടാവശ്യത്തിന് പോലും തേങ്ങ തികയാത്ത സാഹചര്യത്തിൽ തേങ്ങയ്ക്ക് മുപ്പത് രൂപവരെ വില ഉയർന്നിട്ടുണ്ട്

2. തേങ്ങയ്ക്ക് വില കൂടുതലാണെങ്കിലും ആളെ കയറ്റി തേങ്ങയിടീക്കുന്നതും ചുമന്ന് വീട്ടിലെത്തിക്കുന്നതുമുൾപ്പെടെയുള്ള കൂലിചെലവ് കണക്കാക്കുമ്പോൾ നഷ്ടമായതിനാൽ കർഷകരിൽ പലരും തേങ്ങയിടാൻ ആളെ വിളിക്കാതായി

3. തെങ്ങ് കയറ്റക്കാർ പലരും മരംമുറിക്കൽ, നിർമ്മാണ ജോലികൾ തുടങ്ങിയ മേഖലകളിലേക്ക് തിരിഞ്ഞു

4. ആവശ്യാനുസരണം തൊഴിലാളികൾ ഇല്ലാതായപ്പോൾ ഉള്ളവ‌ർക്ക് ഡിമാന്റ് കൂടി

5. മുൻകൂർ ബുക്ക് ചെയ്യുന്നതനുസരിച്ചാണ് പണി. തേങ്ങ ശീലമാക്കിയവർ തെങ്ങൊന്നിന് നൂറ് രൂപ നൽകിയാണ് ജോലിക്കാരെ വിളിക്കുന്നത്

 തെങ്ങൊന്നിന് കൂലി: 100 രൂപ

 പൊതിച്ച തേങ്ങ കിലോഗ്രാമിന് 50 - 55 രൂപ

''

സ്ഥിരമായി തേങ്ങായിടുന്ന വീടുകളിൽ പലയിടത്തുനിന്നും ഇപ്പോൾ വിളിക്കുന്നില്ല. കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണം കുറഞ്ഞു. കൂലിചെലവിന് തക്കതായ നേട്ടമില്ലാത്തതാണ് കാരണം. ഒരു തെങ്ങിൽകയറുന്നതിന് മുപ്പത് രൂപയാണ് കൂലി. നിരന്തരമുള്ള മഴ കാരണം എല്ലാ ദിവസവും ജോലി ലഭിക്കുന്നില്ല.

സന്തോഷ്, തെങ്ങ് കയറ്റ തൊഴിലാളി

''

കൊടും ചൂടും അമിതമഴയും തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വേരഴുകിയും മച്ചിങ്ങ പൊഴിഞ്ഞും തെങ്ങുകളുടെ ഫലസമൃദ്ധി നഷ്ടപ്പെട്ടു. മിനിമം അമ്പത് രൂപ നൽകിയാലേ ഒരുതെങ്ങിൽ കയറൂ. തേങ്ങ കുറഞ്ഞതോടെ തെങ്ങ് കയറ്റക്കാരെ കാണാനില്ലാത്ത സ്ഥിതിയാണ്.

സുരേന്ദ്രൻ, കേരകർഷകൻ