
കിണർവെള്ളത്തിന്റെ ഗുണനിലവാരവും അളക്കും
കൊല്ലം: മൊബൈൽ ലാബ് എത്തിയതോടെ ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകളുടെ മട്ടും ഭാവവും മാറി. ഹോട്ടലുകളും ബേക്കറികളുമുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ മാത്രമല്ല വീടുകളിലെ കുടിവെള്ള സാമ്പിളുകൾപോലും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം സജ്ജമായി കഴിഞ്ഞു.
ചെക്ക് പോസ്റ്റിലെയും താലൂക്ക് കേന്ദ്രങ്ങളിലെയും പരിശോധനകൾ കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ കൂടുതൽ ജനകീയമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകളിലേക്ക് കടന്നുചെന്ന് കുടിവെള്ളവും എണ്ണയും പാലും ഉൾപ്പെടെയുള്ള വസ്തുക്കളിലെ കൃത്രിമം കണ്ടെത്താനുള്ള പരിശ്രമം. കഴിഞ്ഞമാസം ജില്ലയിലെ എല്ലാ താലൂക്കുകളിലും മൊബൈൽ ലാബും താലൂക്ക് ഭക്ഷ്യസുരക്ഷാ വിഭാഗവും നൂറോളം സാമ്പിളുകളാണ് ശേഖരിച്ചത്.
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള അങ്കണവാടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള ഫുഡ് സാമ്പിളുകളും ഇതിലുൾപ്പെടും. രണ്ട് ഡസനിലേറെ സാമ്പിളുകളാണ് ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ചത്. കൂടാതെ മാർക്കറ്റുകളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന എണ്ണ, നെയ്യ്, വെള്ളം, പാൽ എന്നിവയുടെയും കറിപൗഡറുകളുടെയും സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. കാര്യമായ ക്രമക്കേടുകൾ കണ്ടെത്താനായില്ല.
42 സ്ഥാപനങ്ങൾക്ക് നോട്ടീസ്
ജില്ലയിലെ പതിനൊന്ന് ഭക്ഷ്യ സുരക്ഷാ സർക്കിൾ പരിധിയിൽ നടത്തിയ പരിശോധനകളിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ തുടങ്ങി 42 ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തുന്നത് തടയുന്നതിന്റെ ഭാഗമായി വെളിച്ചെണ്ണയുടെ ബ്രാൻഡ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 60 ബ്രാൻഡുകൾ രജിസ്റ്റർ ചെയ്തു. ബ്രാൻഡ് രജിസ്ട്രേഷൻ നടത്തിയാൽ രജിസ്റ്റർ ചെയ്ത ബ്രാൻഡിലുള്ള ഉത്പന്നമേ പുറത്തിറക്കാൻ കഴിയൂ. നിയമവിരുദ്ധ നടപടികൾക്ക് പിടിക്കപ്പെട്ട് നിരോധിച്ചാൽ മറ്റൊരുപേരിൽ ഉത്പന്നം പുറത്തിറക്കാനാവില്ല.
മോടിയോടെ മൊബൈൽ ലാബ്
1. ചെക്ക് പോസ്റ്റുകളിലും താലൂക്കുകളിലും ആഴ്ചതോറും സഞ്ചരിച്ച് പാൽ, കുടിവെള്ളം, ഭക്ഷ്യ എണ്ണ എന്നിവയുടെ സാമ്പിളുകൾ പരിശോധിക്കും
2. ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കുന്ന വെള്ളത്തിൽ കുറ്റകരമായ യാതൊന്നും കണ്ടെത്താനായില്ല
3. കച്ചവടം കുറവായതിനാൽ മായം ചേർക്കലിന്റെ തോത് കുറഞ്ഞു
4. താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തും കിണർവെള്ള സാമ്പിളുകൾ പരിശോധിച്ചു
5. കുടിവെള്ളത്തിന്റെ പി.എച്ച് മൂല്യം മെച്ചപ്പെടുത്താനാവശ്യമായ മാർഗനിർദേശങ്ങൾ നൽകി
6. ജില്ലയിലെ അങ്കണവാടികളിലെ കുടിവെള്ള സാമ്പിളുകളും പരിശോധിച്ചു
പരിശോധനാ വിവരങ്ങൾ
ശേഖരിച്ച സാമ്പിളുകൾ: 98
നോട്ടീസ് നൽകിയത്: 42
അങ്കണവാടി ഭക്ഷ്യസാമ്പിൾ: 27
വെളിച്ചെണ്ണ ബ്രാൻഡ് രജിസ്റ്റർ ചെയ്തത്: 60
''
കുടിവെള്ളത്തിന് പുറമേ ജില്ലയിലെ അങ്കണവാടികൾക്കുള്ള അരി, പയർ, ചോളം, പോഷകാഹാരപ്പൊടി തുടങ്ങിയവയുടെ സാമ്പിളുകളും ശേഖരിച്ചു. മൊബൈൽ ലാബിൽ സൗകര്യമില്ലാത്തതിനാൽ ഇവ തിരുവനന്തപുരത്തെ ലാബിലാകും പരിശോധിക്കുക.
ദിലീപ്, ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ