
കൊല്ലം: സംസ്ഥാനത്തെ സർവകലാശാലകളിൽ അനധികൃത നിയമനങ്ങൾ തകൃതി. ആറ് സർവകലാശാലകളിൽ മാത്രം 911 അനധികൃത നിയമനങ്ങളാണ് ഓഡിറ്റിൽ കണ്ടെത്തിയത്.
സ്ഥിരം അദ്ധ്യാപക തസ്തികകൾ ഒഴിച്ചിട്ട് സർവകലാശാലകൾ നടത്തുന്ന താത്കാലിക നിയമനങ്ങൾ പഠനനിലവാരത്തെ ബാധിക്കുന്നെന്നും, നിയമസഭയ്ക്ക് സമർപ്പിച്ച സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2018- 19ലെ സമാഹൃത റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ കരാറടിസ്ഥാനത്തിലും ദിവസ വേതനത്തിനും സിൻഡിക്കേറ്റ് അധിക നിയമനം നടത്തി. ഫിഷറീസ് സർവകലാശാല രൂപീകരിക്കുമ്പോൾ കേരളയിൽ നിന്ന് കൈമാറി കിട്ടിയ 59 അദ്ധ്യാപക തസ്തികകളിൽ 27 എണ്ണത്തിൽ മാത്രമാണ് സ്ഥിരം അദ്ധ്യാപകരെ നിയമിച്ചിട്ടുള്ളത്. അദ്ധ്യാപക തസ്തികകൾ നിർണയിച്ച് സർക്കാരിൽ നിന്ന് അനുമതി വാങ്ങാൻ സർവകലാശാല ശ്രമിക്കുന്നില്ല.
കാർഷിക, കേരള സർവകലാശാലകളിൽ അനധികൃത തസ്തികകൾ ഓഡിറ്റിൽ കണ്ടെത്തിയെങ്കിലും എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല. കാർഷിക സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ ഒഴിവുകളിലേക്ക് ഡെയറി വകുപ്പിൽ നിന്ന് എട്ട് ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചിരിക്കുകയാണ്. ആകെ അദ്ധ്യാപക തസ്തികകളുടെ പത്ത് ശതമാനത്തിൽ കൂടുതൽ കരാർ നിയമനം പാടില്ലെന്നാണ് യു.ജി.സി ചട്ടം. എന്നാൽ കേരള സർവകലാശാലയിലെ പല വകുപ്പുകളിലും കരാർ അദ്ധ്യാപകർ പത്ത് ശതമാനത്തിലും കൂടുതലാണ്. സ്ഥിരം അദ്ധ്യാപകരുടെ കുറവ് ഗവേഷണ പ്രവർത്തനങ്ങളെ ബാധിക്കുന്നു. സംസ്കൃത സർവകലാശാല 206 അദ്ധ്യാപക തസ്തികകളിൽ നടത്തിയ നിയമനം സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാല, അംഗീകൃത അദ്ധ്യാപക തസ്തിക- അനധികൃത നിയമനം
കുസാറ്റ്- 176 -270
ഫിഷറീസ്- 27- 96
സംസ്കൃത- -- 401
വെറ്ററിനറി- 335 -31
കണ്ണൂർ- 96 -112
മലയാളം 40- 1