തഴവ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മാണം അനിശ്ചിതത്വത്തിൽ
തഴവ: മൾട്ടിലെവൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയ തഴവ ഗ്രാമ പഞ്ചായത്തിന് നഷ്ടമാകുന്നത് പ്രതിമാസം ആയിരക്കണക്കിന് രൂപ. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കുറ്റിപ്പുറം ചന്തയിലുള്ള 68 സെന്റ് സ്ഥലത്ത് 1981ൽ ഒറ്റനിലയിൽ ഒൻപത് കടമുറികളുള്ള മിനി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിരുന്നു. കുറഞ്ഞ വാടകയ്ക്ക് പഞ്ചായത്തിന്റെ കടമുറി ലഭിക്കുമെന്നതിനാൽ പ്രദേശത്തെ കച്ചവടക്കാർക്ക് ഇത് വലിയ ആശ്വാസമായിരുന്നു. തുടക്കം മുതൽ തന്നെ ഒൻപത് മുറികളിൽ നിന്നായി പ്രതിമാസം പതിനെണ്ണായിരം രൂപയാണ് വാടകയിനത്തിൽ പഞ്ചായത്തിന് ലഭിച്ചുകൊണ്ടിരുന്നത്.
2012 - 13 സാമ്പത്തിക വർഷമാണ് പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പുറം ചന്തയിൽ മൾട്ടിലെവൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനായി ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തു. കച്ചവടക്കാരെ ഒഴിപ്പിച്ച് മിനി ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കി വർഷങ്ങൾക്ക് പിന്നിടുമ്പോഴും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അടിസ്ഥാന ശിലയിടാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
നിരവധി കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന മിനി ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കിയപ്പോൾ വലിയ വികസനം പ്രതീക്ഷിച്ചിരുന്നു. കാടുകയറിക്കിടക്കുന്ന സ്ഥലം കച്ചവടക്കാർക്കും സമീപവാസികൾക്കും ബാദ്ധ്യതയായിരിക്കുകയാണ്.
കെ. മാത്യു, പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യുണിറ്റ്
ആഘോഷപൂർവം നടത്തിയ പ്രഖ്യാപനം ഇത്തരത്തിൽ അവസാനിക്കുമെന്ന് കരുതിയില്ല. കുറഞ്ഞ പക്ഷം സ്ഥലം വൃത്തിയായി സൂക്ഷിക്കാനെങ്കിലും നടപടി സ്വീകരിക്കണം.
ഖലീലുദ്ദീൻ പൂയപ്പള്ളി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം
നഷ്ടമായത് ലക്ഷക്കണക്കിന് രൂപ
വിപണന സാദ്ധ്യത കൂടുതലുള്ള കുറ്റിപ്പുറം ചന്തയിൽ കടമുറികൾക്ക് ആവശ്യക്കാർ ഏറെയാണ്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ പൂർത്തിയാക്കിയ ശേഷം മിനി ഷോപ്പിംഗ് പൊളിച്ചുനീക്കിയിരുന്നെങ്കിൽ ലക്ഷക്കണക്കിന് രൂപ വാടകയിനത്തിൽ പഞ്ചായത്തിന് ലാഭിക്കാമായിരുന്നു. മൾട്ടി പർപ്പസ് ഒാഡിറ്റോറിയത്തിനായി വിവിധ തരം പ്ലാനുകളാണ് അന്നത്തെ ഭരണ സമിതി തയ്യാറാക്കിയത്. എന്നാൽ ഓരോ പ്ലാനും ചർച്ചകളിലും വിവാദങ്ങളിലും ഒതുങ്ങിയതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് വന്ന ഭരണസമിതിയിലും ഷോപ്പിംഗ് കോംപ്ലക്സിനായി പല അംഗങ്ങളും ആവർത്തിച്ച് പ്രമേയം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
സാമൂഹ്യ വിരുദ്ധരുടെ താവളം
കോടിക്കണക്കിന് രൂപ വിലവരുന്ന പഞ്ചായത്ത് വക സ്ഥലം ഇപ്പോൾ കാടുകയറി സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. അറവുശാല മാലിന്യം ഉൾപ്പടെയുള്ളവയും ഇവിടെ നിക്ഷേപിക്കാറുണ്ട്. തഴവ കുറ്റിപ്പുറം ചന്തയിലുള്ള പഞ്ചായത്ത് വക സ്ഥലം സംരക്ഷിക്കുന്നതിനും ചന്തയുടെ അടിസ്ഥാന വികസനത്തിന് അനുയോജ്യമായ കെട്ടിടം നിർമ്മിക്കുന്നതിനും അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.