 
പത്തനാപുരം: കടയ്ക്കാമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി കുരിശടിയുടെ പൂട്ടുകളും വഞ്ചിയും തകർത്ത് മോഷണം.ഞായറാഴ്ച വെളുപ്പിനെയാണ് മോഷണം നടന്നത്. രാത്രി പട്രോളിംഗിന് ദിവസവും എത്തുന്ന പൊലീസുകാർ ഒന്നര മണിയോടെ എത്തി ഇവിടെ വച്ചിട്ടുള്ള ബുക്കിൽ ഒപ്പിട്ടശേഷമാണ് മോഷണം നടന്നതെന്നും എത്രത്തോളം രൂപ അപഹരിച്ചതായി അറിയില്ലെന്നും പള്ളി ട്രസ്റ്റി ബെന്നി ഡാനിയേൽ പറഞ്ഞു. കുരിശിലെ ഗേറ്റിന്റെ മൂന്ന് പൂട്ടുകൾ പൊളിച്ച ശേഷം വഞ്ചി തകർത്ത നിലയിലാണുള്ളത്. പള്ളി സെക്രട്ടറി അജി ജോർജ് രാവിലെ പള്ളിയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.പത്തനാപുരം പൊലീസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വഷണം ആരംഭിച്ചു.കഴിഞ്ഞ വർഷവും ഇവിടെ സമാന രീതിയിൽ മോഷണം നടന്നിരുന്നു.കഴിഞ്ഞ ആഴ്ച സമീപത്തായുള്ള പുഷ്പ നഴ്സറി ഗാർഡനിലും ദിവസങ്ങൾക്ക് മുൻപ് മാക്കുളം ഹെർമോൺ ഓർത്തഡോക്സ് പള്ളി കുരിശടിയിലും മോഷണം നടന്നിരുന്നു. മോഷണങ്ങൾ പരമ്പരയാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.