
 ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതരും വാർഡുകളിൽ
കൊല്ലം: ഐ.സി.യു കിടക്കകളുടെ എണ്ണക്കുറവ് ജില്ലയിൽ കൊവിഡ് മരണം വർദ്ധിക്കാനുള്ള സാദ്ധ്യത രൂക്ഷമാക്കുന്നു. ഐ.സി.യുവിൽ ഇടമില്ലാത്തതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 28 ഉം ജില്ലാ ആശുപത്രിയിൽ 45 ഉം ഗുരുതര രോഗികളാണ് വാർഡുകളിൽ കഴിയുന്നത്.
ജില്ലാ ആശുപത്രിയിൽ നേരത്തെ 12 ഉം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 18ഉം ഐ.സി.യുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ 26 ഉം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 36 മായി ഉയർത്തി. കൊവിഡ് നിയന്ത്രണാതീതമായി പടർന്നതോടെ ഈ കിടക്കകളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഒന്നോ രണ്ടോ രോഗികളെ മാത്രമാണ് പ്രതിദിനം പുതുതായി ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. അതേ സമയം വിദഗ്ദ്ധ ചികിത്സ നൽകേണ്ട രോഗികളുടെ എണ്ണം പ്രതിദിനം കൂടുതൽ ഉയരുകയാണ്.
ജില്ലാ ആശുപത്രിയിൽ വാർഡുകളിൽ നാല് കിടക്കകൾ വീതമുള്ള ക്യുബിക്കുകൾ സജ്ജീകരിച്ചാണ് ഐ.സി.യുവിലെ പരിചരണം വേണ്ട ബാക്കിയുള്ള രോഗികളെ ചികിത്സിക്കുന്നത്. ശരീരത്തിലെ ഒക്സിജന്റെ അളവ് കുറഞ്ഞാണ് കൊവിഡ് ബാധിതർ ഗുരുതരവാസ്ഥയിലാകുന്നത്. ക്രിത്രിമമായി ഒക്സിജനാണ് ഇവർക്ക് പ്രധാനമായും നൽകേണ്ടത്. ഐ.സി.യുവിൽ അധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഒക്സിജൻ നൽകുന്നതിനൊപ്പം ആരോഗ്യസ്ഥിതി നിരീക്ഷണക്കാനുള്ള മറ്റ് സംവിധാനങ്ങളുമുണ്ട്. എന്നാൽ ഗുരുതരാവസ്ഥയിൽ വാർഡുകളിൽ കഴിയുന്നവർക്ക് ഒക്സിജൻ മാത്രമാണ് നൽകുന്നത്. ഇവരുടെ ആരോഗ്യനിലയിലുണ്ടാകുന്ന മറ്റ് മാറ്റങ്ങൾ വേഗത്തിൽ മനസിലാക്കി അടിയന്തര ചികിത്സ നൽകാനാകുന്നില്ല.
''
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പത്ത് ഐ.സി.യു കിടക്കകൾ കൂടി ഉടൻ സജ്ജമാകും. അവിടെ നെഗറ്റീവ് പ്രഷർ സംവിധാനം സജ്ജമാക്കൽ പുരോഗമിക്കുകയാണ്. ഐ.സി.യുവിൽ ഇടമില്ലാത്തതിൽ പ്രത്യേകം ക്യുബിക്കുകളിൽ ഓക്സിജൻ സംവിധാനം ഒരുക്കിയാണ് ഗുരുതരാവസ്ഥയിലുള്ള 45 പേരെ ചികിത്സിക്കുന്നത്.
ഡോ. വസന്തദാസ്
ജില്ലാ ആശുപത്രി സൂപ്രണ്ട്
''
മെഡിക്കൽ കോളേജിൽ 18 ഐ.സി.യു കിടക്കളാണ് ആദ്യം ഉണ്ടായിരുന്നത്. കൊവിഡ് നിയന്ത്രണാതീതമായതോടെയാണ് 8 കിടക്കകൾ കൂടി സജ്ജമാക്കിയത്. ഇതിൽ ആറെണ്ണെം ഞായറാഴ്ചയാണ് സജ്ജമായത്. അത് അന്നുതന്നെ നിറഞ്ഞു."
ഹബീബ് നസീം
പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ട്
 കൊവിഡ് സെന്റർ - ഐ.സി.യു കിടക്കകളുടെ എണ്ണം- ഗുരുതരാവസ്ഥയിൽ വാർഡിൽ കഴിയുന്നവർ
പാരിപ്പള്ളി മെഡിക്കൽ കോളേജ് - 36- 28
ജില്ലാ ആശുപത്രി - 26 - 45