cow

കൊല്ലം: 'പശുവിനെ വാങ്ങാൻ സബ്സിഡി കിട്ടുമെന്ന് കേട്ടു, ശരിയാണോ?', വകുപ്പ് മന്ത്രിയുടെ പേഴ്സൺ ഫോണിൽ വിളിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോൾ സർക്കാർ പദ്ധതികൾ ജനകീയമായതിന്റെ സന്തോഷത്തിൽ ഉത്തരം പാലുപോലെ പരിശുദ്ധം!. ഒരു പശുവിന് 30,000 രൂപ വരെയാണ് പശുഗ്രാമം,​ ഭക്ഷ്യസുരക്ഷാ പശുഗ്രാമം പദ്ധതികളിലൂടെ നൽകുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ യുവതീയുവാക്കൾക്ക് സ്വയം തൊഴിലൊരുക്കുന്ന പദ്ധതികൾ സംസ്ഥാനത്ത് ഹിറ്റാണ്.

മൃഗസംരക്ഷണ ഓഫീസുകളിലൂടെ ബാങ്കിന്റെ സഹായത്തോടെ പദ്ധതിയിലൂടെ ആർക്കും പശുവിനെ വാങ്ങാം. മൃഗഡോക്ടർമാർ സഹായമൊരുക്കും. രണ്ട് മുതൽ 20 പശുക്കൾ വരെയുള്ള പ്രോജക്ടുകൾക്ക് വായ്പയ്‌ക്ക് അപേക്ഷിക്കാം. നബാർഡിന്റെ പദ്ധതിയിലാണ് ലോൺ അനുവദിക്കുക. പലിശ നാലുശതമാനം.

കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് പ്രാമുഖ്യം. കേരള ബാങ്ക്, സഹകരണ സംഘങ്ങൾ, ഭൂപണയ ബാങ്കുകൾ എന്നിവിടങ്ങളിലാണ് അപേക്ഷിക്കേണ്ടത്. പശുക്കൾക്കുള്ള മുഴുവൻ തുകയും ബാങ്കിൽ നിന്ന് ലഭിക്കും. അതായത് ബാങ്ക് ലോണിൽ 1,20,000 രൂപയ്‌ക്ക് രണ്ട് പശുക്കളെ വാങ്ങിയാൽ 60,000 രൂപ സബ്സിഡി ലഭിക്കും. 60,000 രൂപ ബാങ്കിൽ അടച്ചാൽ മതി. ഇൻഷ്വറൻസ് തുകയിലും സർക്കാർ സഹായമുണ്ട്.


 കൂടുതൽ ഗീറും സങ്കരയിനവും
1. ഗീർ, സങ്കരയിനം പശുക്കളെ എത്തിക്കാൻ മൃഗസംരക്ഷണ വകുപ്പ്

2. ഗുജറാത്തിൽ നിന്ന് 100 ഗീർ പശുക്കളെ ചിറ്റൂരിലെത്തിച്ചു

3. വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലും ഗീർ പശുക്കൾ

4. ഒരു പശുവിൽ നിന്ന് 15 ലിറ്റർ പാൽ ലഭിക്കും. രോഗ പ്രതിരോധ ശേഷി കൂടുതൽ

5. പാലക്കാട്ട് ഗീർ പശുക്കൾ ലഭ്യമാണ്. കാസർകോട്ടുനിന്നും നല്ലയിനം പശുക്കളെ വാങ്ങാം

6. തിരുവനന്തപുരത്ത് ചിറയിൻകീഴ് കിടാരി പാർക്ക്. പുതിയ നാല് കിടാരി പാർക്കുകൾ ഉടൻ

7. കിടാരികൾ വളർച്ചയെത്തുമ്പോൾ കർഷകർക്ക് ലഭ്യമാക്കും

8. കിടാരി പാർക്ക് തുടങ്ങാൻ സൊസൈറ്റികൾക്ക് പ്രാമുഖ്യം. 17 ലക്ഷം സർക്കാർ ഗ്രാന്റ്

പശുവിനെ വാങ്ങാൻ ലോൺ സംബന്ധമായ കാര്യങ്ങൾക്ക് ജനം നേരിട്ട് വിളിക്കുന്നുണ്ട്. പരമാവധി ആളുകൾക്ക് മറുപടിയും നൽകുന്നുണ്ട്. സർക്കാർ പദ്ധതി ജനകീയമായതിന്റെ തെളിവാണിത്.

കെ. രാജു, മന്ത്രി