
കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്ത് കൊട്ടിയത്ത് റംസി ജീവനൊടുക്കിയ സംഭവത്തിൽ സീരിയൽ നടി ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി. സുരേഷ് കുമാർ മുൻകൂർ ജാമ്യം അനുവദിച്ചു. വരൻ ഹാരിഷിന്റെ മാതാവും രണ്ടാം പ്രതിയുമായ കൊല്ലം വടക്കേവിള പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ കിട്ടന്റഴികത്ത് ആരിഫാബീവി, മൂന്നാം പ്രതിയും ഹാരിഷിന്റെ സഹോദരൻ അസറുദ്ദീന്റെ ഭാര്യയുമായ ലക്ഷ്മി പി. പ്രമോദ്, നാലാം പ്രതി അസറുദ്ദീൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കി തെളിവ് നശിപ്പിക്കാനും ഗർഭച്ഛിദ്രത്തിന് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമയ്ക്കാനും കൂട്ടുനിന്നുവെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് ലക്ഷ്മി പി. പ്രമോദിനും ഭർത്താവ് അസറുദ്ദീനും എതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റം. ഇതുൾപ്പെടെ ആത്മഹത്യാപ്രേരണ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ആരിഫാബീവിക്കെതിരെ ഉന്നയിച്ചിരുന്നത്. ഒന്നാംപ്രതി ഹാരിഷ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സേതുനാഥൻ പിള്ളയും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി.എ. പ്രിജിയും കോടതിയിൽ ഹാജരായി.
എസ്.പിയുമായി ആലോചിച്ച് നടപടി
മൂന്ന് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ എസ്.പിയുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാർ പറഞ്ഞു.
ഉത്തരവിലെ നിർദ്ദേശങ്ങൾ സംബന്ധിച്ച് എസ്.പിയുമായും നിയമവിദഗ്ദ്ധരുമായും കൂടിയാലോചിക്കും. അന്വേഷണത്തിന് ഹാജരാകണമെന്ന് പ്രതികളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാരിഷിനെ ഇന്നലെയും ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. അന്വേഷണം ശരിയായ വിധത്തിൽ പുരോഗമിക്കുമ്പോഴാണ് മുൻകൂർജാമ്യ ഉത്തരവുണ്ടായത്.
ഹൈക്കോടതിയെ സമീപിക്കും
റംസിയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജസ്റ്റിസ് ഫോർ റംസി ഫോറം ഭാരവാഹികൾ പറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തിൽ തെളിവ് ശേഖരണത്തിലും അന്വേഷണത്തിലും പൊലീസിനുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്ന് ഫോറം ഭാരവാഹികളായ ഫൈസൽകുളപ്പാടവും ഹസൈൻ പള്ളിമുക്കും ആരോപിച്ചു.
''
മുൻകൂർ ജാമ്യം അനുവദിച്ച കോടതി വിധി അപ്രതീക്ഷിതമാണ്. മകളുടെ വേർപാടിന്റെ നാല്പതാംദിവസത്തെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ജാമ്യവാർത്ത അറിഞ്ഞത്. വിധി ഏറെ പ്രയാസപ്പെടുത്തി.
റഹീം
റംസിയുടെ പിതാവ്