kottiyam-accident-photo
കൊട്ടിയത്ത് നടന്ന വാഹനാപകടം (സി.സി.ടിവി ദൃശ്യം)

കൊട്ടിയം: കൊട്ടിയം ജംഗ്ഷനിൽ ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നെടുമൺകാവ് ഹരിവിലാസത്തിൽ സജീവിന്റെ ഭാര്യ ജയദുർഗയ്ക്കാണ് (36) ഇരുകാലുകൾക്കും പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് സജീവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നെടുമൺകാവിൽ നിന്ന് കണ്ണനല്ലൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു ദമ്പതികൾ. സിഗ്നലിൽ വച്ച് ട്രാഫിക് വാർഡന്റെ നിർദ്ദേശപ്രകാരം മുന്നോട്ട് നീങ്ങിയ ഇവരുടെ ബൈക്കിൽ പിന്നാലെ വരികയായിരുന്നു ടോറസ് ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ ജയദുർഗയുടെ കാലുകളിലൂടെ ലോറിയുടെ മുൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.

ജയദുർഗയെ കൊട്ടിയത്തെ ഹോളിക്രോസ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന ജയദുർഗ ടിക്കറ്റ് വാങ്ങാനായി കെട്ടിയത്ത് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കൊട്ടിയം പൊലീസ് കേസെടുത്തു.