
 കുത്തേറ്റ യുവാവ് അത്യാസന്ന നിലയിൽ
കൊല്ലം: പരവൂർ പൂതക്കുളത്ത് കൂട്ടുകാരനെ ബിയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പൂതക്കുളം എസ്.എസ് മൻസിലിൽ ഷിബിനാഥ് (18) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് നജിം എസ്. കലാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് സംഭവം. നജീമിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ഷിബിനാഥ് പൂതക്കുളത്തേക്ക് എന്നുപറഞ്ഞ് ബൈക്കിൽ കയറ്റി. എന്നാൽ മറ്റൊരു വഴിക്കാണ് ഷിബിനാഥ് ബൈക്ക് ഓടിക്കുന്നതെന്ന് മനസിലായി വഴിയിൽ ഇറങ്ങിയ നജിമിനെ പ്രതി കൈയിൽ കരുതിയ ബിയർ കുപ്പി കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നജിം രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനായി. ഇയാളുടെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതി പൂതക്കുളത്തെ ആളൊഴിഞ്ഞ ഫ്ളാറ്റിന്റെ മുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്നാണ് പിടികൂടിയത്. പരവൂർ സി.ഐ ആർ. രതീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.