കൊല്ലം: മെഡിക്കൽ, ദന്തൽ, നഴ്‌സിംഗ് കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ജില്ലയിലെ മെഡിക്കൽ കോളേജ്, ഇ.എസ്.ഐ ആശുപത്രികൾ, ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിൽ ഡി.വൈ.എഫ്.ഐ ധർണ നടത്തി.
ആശ്രാമം ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനു, എഴുകോൺ ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു, കൊട്ടിയം ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി എം. ഹരികൃഷ്‌ണൻ, ശ്രീജിത്ത്, വിനീത്, ഉണ്ണികൃഷ്ണൻ, നിയാസ്, വിപിൻ, അഖിൽ അശോക്, എം. അച്ചു, എം. ഹാരിസ്, കിരൺ, സജു, മീനാക്ഷി, ആകാശ്, ദ്രാവിഡ് തുടങ്ങിയവർ പങ്കെടുത്തു.