kacha

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് അൻപത് ശതമാനം സംവരണം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും യുവാക്കൾക്ക് ആര് സീറ്റ് നൽകുമെന്ന ചോദ്യം തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാവുകയാണ്. കൂടുതൽ സീറ്റ് യുവാക്കൾക്ക് കൊടുക്കണമെന്ന അഭിപ്രായമാണ് മൂന്ന് മുന്നണികളിലെയും യുവജന സംഘടനകൾക്ക്.

പക്ഷേ, പറയും പോലെ അത് അത്ര എളുപ്പമാകില്ലെന്ന് അവർക്കുമറിയാം. വനിതാ സംവരണത്തിന്റെ ടിക്കറ്റിൽ നേതൃത്വത്തിലെ വനിതകളിൽ ചിലർക്ക് സീറ്റ് ലഭിക്കുന്നതൊഴിച്ചാൽ യുവ പ്രാതിനിദ്ധ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ പൊതുവെ കുറവാണ്. വനിതകളെയും പരമാവധി മാറ്റി നിറുത്തുന്നതായിരുന്നു പഴയ ശൈലിയെങ്കിലും വനിതാ സംവരണം വന്നതോടെ അത് നടക്കില്ലെന്നായി. പലയിടത്തും നേതാക്കൻമാരുടെ ഭാര്യയാണ് വനിതാ സീറ്റിലെ സ്ഥാനാർത്ഥി. ജയിക്കുന്ന ഭാര്യ പഞ്ചായത്ത് കമ്മിറ്റിയിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. വാർഡിലെ ജനസമ്പർക്ക പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് പാർട്ടി നേതാവായ ഭർത്താവാണ്. ചിലയിടങ്ങളിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെയും മെമ്പർ എന്ന് വിളിക്കുന്ന നാട്ടുകാരുണ്ട്. വീണ്ടും യുവാക്കളിലേക്ക് തന്നെ വരാം, സംസ്ഥാന സർക്കാരിനെതിരെ യുവമോർച്ചയും യൂത്ത് കോൺഗ്രസും സമരം ചെയ്യുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും സമര മുഖത്താണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും അഞ്ചംഗ സമര കേന്ദ്രങ്ങൾ നിരത്തുകളിൽ സജീവമാണ്. അങ്ങനെ കൊണ്ടും കൊടുത്തും മുന്നേറാൻ, സംഘടനയുടെ സാനിദ്ധ്യം അറിയിക്കാൻ, പൊലീസിന്റെയും എതിർ പാർട്ടിക്കാരുടെയും അടി കൊള്ളാൻ, ശബ്ദ കോശങ്ങൾ പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കാൻ, കൊവിഡ് പ്രതിരോധത്തിനായി ഓടി നടക്കാൻ, നിരാലംബ വീടുകളിൽ പച്ചക്കറിയും അരിയും എത്തിക്കാൻ തുടങ്ങി എല്ലാത്തിനും യുവാക്കൾ വേണം, യുവജന സംഘടനകൾ വേണം.

പക്ഷേ, തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ സീറ്റിന് സീനിയോറിറ്റിയും അനുഭവ പരിചയവും ഒക്കെയാകും ഘടകങ്ങൾ. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചവരെ പിടിച്ചിരുത്താനുള്ള വേദിയായി പർട്ടി കമ്മിറ്റികൾ മാറുന്നുവെന്ന വിമർശനം അൽപ്പകാലം മുമ്പ് ഒരു പ്രധാന പാർട്ടിക്കകത്ത് തന്നെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ ചെറുപ്പക്കാരെ നിയോഗിക്കാൻ മൂന്ന് മുന്നണികളും തയ്യാറാകണം. ഉണ്ടാകുന്ന മാറ്റം ഇത്തവണ ഒന്ന് നേരിൽ കാണാമല്ലോ ?