
കൊല്ലം: ആശ്രാമത്തെ അഷ്ടശില്പ നിർമ്മാണത്തിന് നഗരസഭയുടെ അനുമതി. നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് നിറുത്തിവച്ച ശില്പ നിർമ്മാണം വൈകാതെ ആരംഭിക്കും.
ടൂറിസം വകുപ്പിന്റെ പൈതൃകവീഥി പദ്ധതിയുടെ ഭാഗമായാണ് ആശ്രാമം മൈതാനത്തിന് ചുറ്റും ലളിതകലാ അക്കാഡമിയുമായി സഹകരിച്ച് ശില്പോദ്യാനം ഒരുക്കുന്നത്. കഴിഞ്ഞമാസം പതിനേഴിനാണ് ശില്പ നിർമ്മാണ ക്യാമ്പ് ആരംഭിച്ചത്. എന്നാൽ നാല് ദിവസം പിന്നിട്ടപ്പോൾ നിർമ്മാണത്തിന് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞ് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി. ശില്പങ്ങൾ മൈതാനത്തിന്റെ ജൈവഘടനയെ തകർക്കുമെന്ന നിലയിൽ ചില സംഘടനകളും സമരവുമായി എത്തിയിരുന്നു.
നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയത് സി.പി.എം- സി.പി.ഐ തർക്കത്തിനും ഇടയാക്കിയിരുന്നു. പിന്നീട് ഇരുപാർട്ടികളുടെയും നേതാക്കൾ നടത്തിയ ചർച്ചയിൽ ശില്പ നിർമ്മാണത്തിന് അനുമതി കൊടുക്കാൻ ധാരണയായി. ഇതോടെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നൽകിയ അപേക്ഷയിൽ നഗരസഭ തീരുമാനമെടുത്തത്. ശില്പികളെ മടക്കി എത്തിച്ച് നിർമ്മാണം തുടങ്ങാനുള്ള ഒരുക്കങ്ങൾ ഡി.ടി.പി.സിയും ലളിതകലാ അക്കാഡമിയും തുടങ്ങി.
8 ദിക്കിലായി 8 ശില്പങ്ങൾ
അഷ്ടമുടി കായലിന്റെ തീരത്ത് എട്ട് ദിക്കുകളിലും എട്ട് ശില്പങ്ങളാണ് ഉയരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരാണ് ശില്പികൾ. പീഠങ്ങൾക്ക് മുകളിലാണ് ശില്പങ്ങൾ സ്ഥാപിക്കുക. പീഠങ്ങളോട് ചേർന്ന് ഇരിപ്പിടങ്ങളുമുണ്ടാകും. 20 ലക്ഷം രൂപയാണ് ആകെ ചെലവ്. ഇതിൽ 10 ലക്ഷം രൂപ ടൂറിസം വകുപ്പും ബാക്കി തുക ലളിതകലാ അക്കാഡമിയുമാണ് വഹിക്കുന്നത്.
ഈ ശില്പങ്ങൾ അതിജീവനം കൂടിയാണ്
കൊവിഡ് വന്നതോടെ വരുമാനം നിലച്ച ശില്പികൾ അടക്കം വിവിധ രംഗങ്ങളിലുള്ളവർക്ക് സഹായമെന്ന നിലയിൽ കൂടിയാണ് ഡി.ടി.പി.സിയും ലളിതകലാ അക്കാഡമിയും സംയുക്തമായി ശില്പ നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചത്. ശില്പികൾക്ക് പുറമേ 16 കൽപ്പണിക്കാർ, വെൽഡർമാർ തുടങ്ങി നിരവധി പേർക്കും ചെറിയ വരുമാനം ലഭിക്കും.