 
കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആവശ്യമായ ക്രമീകരണങ്ങളില്ലാത്തത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ആദ്യമെത്തുന്ന വാഹനങ്ങൾ യാതൊരു മാനദണ്ഡവും പാലിക്കാതെ തോന്നുംപടി പാർക്ക് ചെയ്യുന്നതിനാൽ കൂടുതൽ വാഹനങ്ങൾ എത്തിയാൽ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിക്കാനാവാത്ത അവസ്ഥയാണ്. അൻപതിൽപ്പരം വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സ്ഥലം ഇവിടെ ഇപ്പോഴുമുണ്ട്. എന്നാൽ പത്ത് വാഹനങ്ങളിൽ കൂടുതൽ ഇവിടെ പാർക്ക് ചെയ്യുന്നത് അപൂർവമാണ്. വാഹന പാർക്കിംഗിന് സ്ഥല പരിമിതി ഏറെയുള്ള പട്ടണമാണ് കൊട്ടാരക്കര. എന്നിട്ടുപോലും നിലവിലുള്ള സ്ഥലം വേണ്ടവിധം ഉപയോഗിക്കാനാകാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗ്രൗണ്ടിൽ കോൺക്രീറ്റോ ടാറിംഗോ നടത്തി വാഹന പാർക്കിംഗിന് കൂടുതൽ സൗകര്യമൊരുക്കണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.
പാർക്കിംഗ് ഗ്രൗണ്ടുണ്ടാക്കിയത് ഷോപ്പിംഗ് കോംപ്ളക്സ് ഇടിച്ച്
നേരത്തേ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ളക്സ് പ്രവർത്തിച്ചിരുന്ന ഭാഗമാണിവിടം. 2019 മാർച്ചിൽ ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം ഇടിച്ച് സ്ഥലം പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റുകയായിരുന്നു. നഗരസഭയുടെ ആസ്ഥാന മന്ദിരം ഇവിടെ നിർമ്മിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. എന്നാൽ പാർക്കിംഗ് ഗ്രൗണ്ടായി ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് പ്രദേശവാസികൾ പറയുന്നു.
വാഹന നിയന്ത്രണത്തിന് ആളു വേണം
പാർക്കിംഗ് ഗ്രൗണ്ടിലെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി പൊലീസിനെയോ നഗരസഭ ചുമതലപ്പെടുത്തുന്നയാളിനെയോ അടിയന്തരമായി നിയോഗിക്കണം. വാഹനങ്ങൾ രണ്ടും മൂന്നും വരികളായി പാർക്ക് ചെയ്താൽ കൂടുതൽ സ്ഥലം ക്രമീകരിക്കാൻ കഴിയും. ഇപ്പോൾ ലോഡുമായി വരുന്ന ലോറികളും മറ്റും ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്തുതന്നെ പാർക്ക് ചെയ്യുന്ന സ്ഥിതിയുമുണ്ട്. ഇതുമൂലം മിക്ക വാഹനങ്ങളും അകത്തേക്ക് കയറാനാകാതെ പാർക്ക് ചെയ്യാൻ വേറേ സ്ഥലം തിരക്കി തിരികെ പോകേണ്ട അവസ്ഥയാണ്. പൊലീസും ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നാണ് ആവശ്യം.
50 ൽ അധികം വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സ്ഥലം ചന്തമുക്കിലെ പാർക്കിംഗ് ഗ്രൗണ്ടിലുണ്ട്. എന്നാൽ 10 വാഹനങ്ങളിൽ കൂടുതൽ ഇവിടെ പാർക്ക് ചെയ്യുന്നത് അപൂർവമാണ്.