പുനലൂർ: പുനലൂർ താലൂക്കിലെ ക്ഷീര കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് പുനലൂർ കച്ചേരി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറാക്കുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 16ന് വൈകിട്ട് 5ന് മന്ത്രി കെ. രാജു നിർവഹിക്കും. ഒരു വെറ്ററിനറി ഡോക്ടർക്ക് പുറമേ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ കൂടി പുതുതായി ചുമതലയേറ്റു. 15 ജീവനക്കാരുള്ള മൃഗാശുപത്രിയിൽ നിന്ന് കന്നുകാലികൾക്ക് ഇനി മുതൽ 24 മണിക്കൂറും ചികിത്സ ലഭിക്കും. നിലവിൽ രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് വരെയായിരുന്നു ആശുപത്രിയുടെ പ്രവർത്തനം.
അര നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം
അര നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോഴും മൃഗാശുപത്രി പ്രവർത്തിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പുതിയ കെട്ടിടം പണിതാൽ ക്ഷീര കർഷകരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകൾക്ക് അറുതിയാകും. 50 ലക്ഷം രൂപ ചെലവഴിച്ച് മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയുമെന്ന് മന്ത്രി കെ. രാജു പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടികൾ നീണ്ടുപോകുന്നത് ക്ഷീര കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.