 
കൊട്ടാരക്കര: വാളകം പൊടിയാട്ടു വിളയിൽ കഴിഞ്ഞദിവസം നിര്യാതയായ കൊവിഡ് ബാധിതയുടെ സംസ്‌കാരം നടത്താൻ കഴിഞ്ഞ ദിവസം വാളകം അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ ക്രമീകരണം ചെയ്തിരുന്നു. എന്നാൽ മതിയായ മുൻകരുതലുകളും വേണ്ടത്ര കുഴിയുടെ ആഴമോ ഇല്ലാതെയാണ് സംസ്‌കാരം നടത്തുന്നതെന്നാരോപിച്ച് വാളകം മാർത്തോമ പള്ളിക്ക് സമീപമുള്ള നാട്ടുകാർ എതിർപ്പുമായി വന്നു. ഇന്നലെ രാവിലെ ഒൻപതര മുതൽ പൊലീസിന്റെ വൻ സന്നാഹവുമായി സംസ്‌കാരം ചെയ്യാനുള്ള ക്രമീകരണം ആരംഭിച്ചു. ഈ സമയം സമീപ പ്രദേശവാസികൾ എതിർപ്പുമായി മുന്നിട്ടിറങ്ങി. പൊലീസുമായി നാട്ടുകാർ തർക്കമായി .സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം മുൻപേതന്നെ നിലയുറപ്പിച്ചിരുന്നു.തുടർന്ന് ആരോഗ്യ പ്രവർത്തകരും പൊലീസും രാഷ്ട്രീയ ,പൊതു പ്രവർത്തകരുമായി ചർച്ച നടത്തി ഇടമുളക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ്,കോൺഗ്രസ് നേതാവ് കെ. എം.റെജി, ബി.ജെ.പി നേതാവ് അണ്ടൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രദേശവാസികളും പൊലീസും ആരോഗ്യ പ്രവർത്തകരും ചർച്ച നടത്തി .ഒടുവിൽ കൊവിഡ് ബാധിതയായ മാതാവിന്റെ മൃതശരീരം ദഹിപ്പിച്ച് കല്ലറയിൽ അടക്കം ചെയ്യുവാൻ തീരുമാനിച്ചു.