sanu-j-35

കുണ്ടറ: ഡ്യൂട്ടിക്കിടെ ബൈക്കിൽനിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന വൈദ്യുതി ബോർഡ് സബ് എൻജിനിയർ മരിച്ചു. കുണ്ടറ സെക്ഷനിലെ സബ് എൻജിനിയർ കാഞ്ഞിരകോട് ടെക്‌നോപാർക്കിന് സമീപം കോടിയിൽ വീട്ടിൽ ജെ.സനുവാണ് (35) മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടോടെ ടെക്‌നോപാർക്കിന് സമീപമായിരുന്നു അപകടം. ടെക്‌നോപാർക്കിന് സമീപത്തെ ഫീഡർ തകരാറിലായത് പരിഹരിക്കാൻ പോകുംവഴി തെരുവുനായ ബൈക്കിന് കുറുകേ ചാടുകയായിരുന്നു. ബൈക്ക് വെട്ടിക്കുന്നതിനിടെ തെറിച്ചുവീണാണ് പരിക്കേറ്റത്. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാവുകയായിരുന്നു. സനുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ബോധം തിരിച്ചുകിട്ടിയിരുന്നില്ല. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. വൈദ്യുതി ബോർഡ് ജീവനക്കാരനായിരുന്ന പരേതനായ ജയിംസിന്റെ മകനാണ്. ഭാര്യ: നിസ (അദ്ധ്യാപിക, സർക്കാർ യു.പി സ്‌കൂൾ, പാലക്കാട്). മകൾ: സേറ.