
 വേണാടിന് മയ്യനാട്ട് സ്റ്റോപ്പ്
കൊല്ലം: അൺലോക്ക് നടപടികളുടെ ഭാഗമായി ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ജനശതാബ്ദി, നേത്രാവതി ട്രെയിനുകളുടെ റദ്ദാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള ജനശതാബ്ദി ട്രെയിനുകളുടെയും തിരുവനന്തപുരത്ത് നിന്ന് ലോക് മാന്യതിലകിലേക്കുള്ള നേത്രാവതി എക്സ് പ്രസുകളുടെയും സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കാത്തത്. അരഡസനോളം ട്രെയിനുകളാണ് കൊല്ലം വഴി സർവീസ് നടത്തുന്നത്. റിസർവ്ഡ് യാത്രക്കാർക്ക് മാത്രമാണ് ട്രെയിനുകളിൽ പ്രവേശനം. ജനശതാബ്ദി എക്സ്‌പ്രസ്, നേത്രാവതി എക്സ്‌പ്രസ്, വേണാട് എക്സ്‌പ്രസ്, കേരള എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ് മെയിൽ, എഗ്മോർ അനന്തപുരി എക്സ്‌പ്രസ് എന്നിവയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്ന ട്രെയിനുകൾ.
ഇതിൽ കേരള എക്സ്‌പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ്, അനന്തപുരി എക്സ്‌പ്രസ് എന്നിവ മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകളിൽ നിറുത്തുന്നുണ്ട്.
 ട്രെയിനുകളും ജില്ലയിൽ വെട്ടിക്കുറച്ച സ്റ്റോപ്പുകളും
നേത്രാവതി - കരുനാഗപ്പള്ളി
ജയന്തിജനത - കരുനാഗപ്പള്ളി, പരവൂർ
ശബരി - കരുനാഗപ്പള്ളി
ഐലന്റ് - പരവൂർ, ശാസ്താംകോട്ട
പരശുറാം - പരവൂർ, ശാസ്താംകോട്ട
ഇന്റർസിറ്റി - മയ്യനാട്
വഞ്ചിനാട് - കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂർ
മാവേലി - കരുനാഗപ്പള്ളി
തിരു. - മംഗലപുരം എക്സ്‌പ്രസ്- മയ്യനാട്
പുനലൂർ- ഗുരുവായൂർ- കുര, കിളികൊല്ലൂർ, പെരിനാട്
കൊല്ലം - വിശാഖപട്ടണം- ശാസ്താംകോട്ട
 ദീർഘദൂരയാത്രക്കാർ വലയും
ജനശതാബ്ദി, നേത്രാവതി ട്രെയിനുകൾ അടുത്തിടെ വെട്ടിക്കുറച്ച സ്റ്റോപ്പുകളിലൊന്നും നിറുത്താതെയാണ് പോകുന്നത്. തിരുവനന്തപുരം വിട്ടാൽ കൊല്ലത്താണ് നിറുത്തുക. ജനശതാബ്ദിയുടെ വർക്കലയിലെയും കായംകുളത്തെയും സ്റ്റോപ്പുകളും നേത്രാവതിയുടെ വർക്കല, കരുനാഗപ്പള്ളി സ്റ്റോപ്പുകളുമാണ് റദ്ദാക്കിയത്. യാത്രക്കാരുടെ എണ്ണം കുറവായതിനാൽ വരുമാനനഷ്ടം നികത്തുന്നതിനാണ് സ്റ്റോപ്പുകൾ റദ്ദാക്കിയത്. ദീർഘദൂരയാത്രക്കാർ ആശ്രയിച്ചിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് കൂട്ടത്തോടെ റദ്ദാക്കിയത്. എം.പിമാരും എം.എൽ.എമാരും തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേയ്ക്ക് നിവേദനം നൽകിയെങ്കിലും സർവീസ് നടത്തുന്ന ചില ട്രെയിനുകളൊഴികെ മറ്രുള്ളവയുടെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായിട്ടില്ല.
''
മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വേണാട് എക്സ്‌പ്രസിനുണ്ടായിരുന്ന സ്റ്റോപ്പ് വെട്ടിക്കുറച്ച തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനെ കണ്ടിരുന്നു. വേണാടിന് മയ്യനാട് സ്റ്രോപ്പ് പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് ലഭിച്ചെങ്കിലും മറ്റ് ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
''
ചെന്നൈ സൂപ്പർഫാസ്റ്റ്, കേരള എക്സ്‌പ്രസ് എന്നിവയ്ക്ക് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകളെല്ലാം പുനസ്ഥാപിച്ചതുപോലെ കേരളത്തിൽ മുൻപ് സർവീസ് നടത്തിയിരുന്ന ട്രെയിനുകളുടെയെല്ലാം സ്റ്റോപ്പുകൾ പഴയപടി നിലനിറുത്താൻ റെയിൽവേ തയ്യാറാകണം.
അനിൽകുമാർ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ