 
പടിഞ്ഞാറേക്കല്ലട: പഞ്ചായത്തിലെ പ്രധാന പി.ഡബ്ലിയു.ഡി റോഡുകളിലൊന്നായ കാരാളിമുക്ക് വളഞ്ഞ വരമ്പ് കടപുഴ റോഡിന്റെ കിഫ്ബി പദ്ധതി പ്രകാരമുള്ള നവീകരണപ്രവർത്തനങ്ങൾ കാരാളിമുക്കിൽ നിന്ന് പുനരാരംഭിച്ചു. ഒരു വർഷം മുമ്പ് തുടങ്ങി വച്ച റോഡ് പണി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിനെപ്പറ്റി കേരളകൗമുദി വാർത്ത നൽകിയിരുന്നു. 25 വർഷത്തിലധികമായി റീടാർ ചെയ്യാത്ത റോഡിൽ കാൽ നടയാത്ര പോലും പ്രയാസകരമാണ്. സംസ്ഥാന പാതയെയും ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. കൂടാതെ കല്ലടയാറിന് സമാന്തരമായുള്ള വളഞ്ഞ വരമ്പ് മുതൽ നെൽപ്പുരക്കുന്ന് വരെയുള്ള റോഡിന്റെ ഭാഗം വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ്. പാർശ്വഭിത്തിയില്ലാത്ത റോഡിന്റെ ഭാഗത്ത് ഭിത്തി നിർമ്മിച്ചും ഉയരം വർദ്ധിപ്പിച്ചും റോഡ് ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.