photo
എമിനന്റ് ടീച്ചർ അവാർഡിന് അർഹനായ അൻസർ

കരുനാഗപ്പള്ളി: നീതി ആയോഗിന്റെ റിസോഴ്സ് എൻ.ജി.ഒ എന്ന നിലയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ ഏർപ്പെടുത്തിയ എമിനന്റ് ടീച്ചർ അവാർഡിന് അൻസാറിനെ തിരഞ്ഞെടുത്തു. കുലശേഖരപുരം ഹയർസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമാണ്. 2020ലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡ് ജേതാവ് കുടിയാണ് ഇദ്ദേഹം. സഹപാഠിക്കൊരു സ്നേഹവീട്, മക്കളെപ്പോറ്റാൻ ബുദ്ധിമുട്ടുന്ന അമ്മമാർക്ക് തൊഴിൽ നൽകാൻ ആരംഭിച്ച ഉപജീവനം ഗാർമെന്റ്സ് യൂണിറ്റ്, ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് എഡ്യു ഹെൽപ്പ് പദ്ധതി പ്രകാരം ടെലിവിഷനുകൾ, കൊവിഡിൽ പട്ടിണിയിലായ തീരദേശ നിവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ, മാസ്ക് ചലഞ്ച് തുടങ്ങിയ വേറിട്ട പരിപാടികൾ അൻസാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിട്ടിട്ടുണ്ട്. ഇവ പരിഗണിച്ചാണ് സാഗി സംസ്ഥാന നോഡൽ ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ അഹമദിന്റെ അദ്ധ്യക്ഷതയിലുള്ള അവാർഡ് ജൂറി കമ്മിറ്റി അൻസാറിനെ തിരഞ്ഞെടുത്തത്. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15ന് തൃശൂർ - പുതുക്കാടുള്ള ഐ.സി.സി.എസ്. എൻജിനിയറിംഗ് കോളേജിൽ വെച്ച് ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് നൽകുമെന്ന് എസ്.ആർ.എസ് ചെയർമാൻ പ്രൊഫ. ഡോ. നിസാം റഹ്മാൻ അറിയിച്ചു.