
 നവീകരണത്തിന് 54.56 കോടി
കൊല്ലം: ജില്ലയിലെ നാല് ഹാർബറുകൾ നബാർഡിന്റെ ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 54.56 കോടി ചെലവിൽ നവീകരിക്കും. ശക്തികുളങ്ങര, നീണ്ടകര, തങ്കശേരി, അഴീക്കൽ ഹാർബറുകളാണ് നവീകരിക്കുക. ഹാർബർ നവീകരണം ചർച്ച ചെയ്യാൻ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്കശേരി ഹാർബറിൽ 4.88 കോടി, നീണ്ടകര ഹാർബറിൽ നിലവിലുള്ള കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന്, 9.5 കോടി, ശക്തികുളങ്ങര ഹാർബറിന്റെ വിപുലീകരണത്തിന് 32.77 കോടി, അഴീക്കൽ ഹാർബറിൽ കരയ്ക്കടുപ്പിക്കൽ സംവിധാനങ്ങൾ വിപുലീകരിക്കാനും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും 7.41 കോടി രൂപ വീതമാണ് ചെലവിടുന്നത്. തങ്കശേരി ഹാർബറിൽ 1.48 കോടി ചെലവിൽ പുതിയ എഫ്‌ളൂവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും നീണ്ടകര ഹാർബറിൽ 4.35 കോടി രൂപ ചെലവിൽ 100 ടൺ ഐസ് നിർമ്മാണ പ്ലാന്റും പദ്ധതിയുടെ ഭാഗമായി പുതിയതായി ആരംഭിക്കും. നീണ്ടകരയിൽ വാർഫും ലേലഹാളും നവീകരിക്കും. ഹാർബറിൽ ചെളി അടിയുന്നത് തടയാൻ ജിയോബാഗ് സംവിധാനം, പുതിയ ടോയ്‌ലെറ്റ് ബ്ലോക്ക്, അപ്രോച്ച് റോഡ്, പുതിയ കിണർ, ഓവർ ഹെഡ് വാട്ടർ ടാങ്ക്, ഷോപ്പിംഗ് കോപ്ലക്‌സ്, സി.സി.ടി.വി സർവൈലൻസ് എന്നിവയും യാഥാർത്ഥ്യമാക്കും.
ശക്തികുളങ്ങര ഹാർബറിൽ ഡ്രഡ്ജിംഗ് കൂടാതെ ഫിംഗർ ജെട്ടി, നെറ്റ് മെന്റിംഗ് ഷെഡ്, ലേലഹാൾ നവീകരണം, പാർക്കിംഗ് ഏരിയ നവീകരണം, കോമ്പൊണ്ട് വാൾ, കീയോക്‌സ്, എൻട്രൻസ് ഗേറ്റ് ആൻഡ് ഗേറ്റ് ഹൗസ് നിർമ്മാണം എന്നിവ നടപ്പാക്കും. ലാൻഡിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അഴീക്കൽ ഹാർബറിൽ 100 മീറ്റർ നീളത്തിൽ വാർഫും ലേലഹാളും നിർമ്മിക്കും. തങ്കശേരി ഹാർബറിൽ ലേലഹാൾ നവീകരണം, നെറ്റ് മെന്റിംഗ് ഷെഡ്, ഷോപ്പ് ബിൽഡിംഗ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. തങ്കശേരി ഹാർബറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താകും അവിടുത്തെ നവീകരണം.
''
പുതിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഹാർബറുകൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാനാകും. മത്സ്യ ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തി മെച്ചപ്പെട്ട വില ലഭിക്കുന്നതിന് സാഹചര്യം ഒരുക്കും. കയറ്റുമതി സാദ്ധ്യത വർദ്ധിപ്പിക്കും.
ജെ. മേഴ്സിക്കുട്ടി അമ്മ, മന്ത്രി